എടക്കര (മലപ്പുറം): വഴിക്കടവിൽ മദ്യലഹരിയിൽ വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ കൈക്കോടാലികൊണ്ടു വെട്ടി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച മകളുടെ കൈപ്പത്തി കടിച്ചുമുറിച്ചു. വെട്ടുകത്തി കോട്ട പാതാരി മുഹമ്മദ് സലീമാണ് (45) ഭാര്യയെയും മകളെയും പരിക്കേല്പിച്ചത്. വെട്ടേറ്റ ഭാര്യ സീനത്തിനെ (39) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ ഷംന (18) നിലമ്പൂർ ജില്ലാ ആശുപത്രിയിൽനിന്നു ചികിത്സതേടി.

ചൊവ്വാഴ്ചരാത്രി ഒൻപതോടെയാണ് സംഭവം. വെട്ടുകത്തി കോട്ടയിലെ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. മരം മുറി തൊഴിലാളിയാണ് മുഹമ്മദ് സലിം. ഇയാൾ മദ്യപിച്ച് വീട്ടിൽ ബഹളം ഉണ്ടാക്കാറുണ്ടെന്നു പോലീസ് പറഞ്ഞു. രാവിലെ 11-ഓടെ മദ്യപിച്ചെത്തിയ ഇയാൾ വീട്ടിൽ വലിയ ബഹളമുണ്ടാക്കി. നാട്ടുകാർ ഇയാളെ ശാന്തനാക്കിെയങ്കിലും രാത്രി എട്ടുമണിയോടെ വീണ്ടും മദ്യപിച്ചെത്തിയ ഇയാൾ വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിമുഴക്കി. ഭാര്യയും രണ്ടുമക്കളും മുറിക്കുള്ളിൽ ഒളിച്ചു. കൈക്കോടാലികൊണ്ടു വാതിൽ വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വഴിക്കടവ് എസ്.ഐ. ജയകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നു പോലീസുകാർ വീട്ടിലെത്തി. ഇയാൾ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ മുഹമ്മദ് സലീമിനോടു സ്റ്റേഷനിലെത്താൻ പറയണമെന്നു നിർദേശിച്ച് പോലീസ് മടങ്ങി.

പോലീസ് പോയതോടെ തിരികെയെത്തിയ മുഹമ്മദ് സലീം വീടിന്റെ ഇടച്ചുമരു ചാടിക്കടന്നു ഭാര്യയും മക്കളും നിൽക്കുന്ന മുറിയിലെത്തി. കൈക്കോടാലികൊണ്ട്‌ സീനത്തിനെ വെട്ടിയത്. ജീവരക്ഷാർഥം ഓടിയ സീനത്ത് മുറ്റത്തുവീണു. ഇവിടെവെച്ചും ഇയാൾ വെട്ടി. ഇതിനിടയിലാണ് ഷംനയുടെ കൈപ്പത്തി കടിച്ചുമുറിച്ചത്. നാട്ടുകാർ ചേർന്ന്‌ ഇവരെ ആശുപത്രിയിലെത്തിച്ചു. തലയ്ക്കും പിൻകഴുത്തിനുമാണു സീനത്തിന് പരിക്ക്.

വീടിനുസമീപം ഒളിച്ചുനിന്ന മുഹമ്മദ് സലീമിനെ രാത്രി 11 ഓടെ പോലീസ് പിടികൂടി. വധശ്രമത്തിനും ബാലനീതി നിയമപ്രകാരവും കേസ് എടുത്തതായി വഴിക്കടവ് സി.ഐ. കെ. രാജീവ്കുമാർ പറഞ്ഞു.