കൊച്ചി: പട്ടയഭൂമിയിൽനിന്ന് മരംമുറിക്കാൻ സർക്കാർ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നും ഇക്കാര്യം സി.ബി.ഐ. അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് തൃശ്ശൂരിലെ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ഹർജി ജൂലായ് 27-ന് വീണ്ടും പരിഗണിക്കും.

മരംമുറിയുമായി ബന്ധപ്പെട്ട് 296 കേസുകൾ വനംവകുപ്പും പത്തു കേസുകൾ പോലീസും രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്താകെ മുറിച്ചുകടത്തിയത് 14 കോടിയിലധികം രൂപയുടെ മരങ്ങളാണ്.

ഇതിൽ പത്തുകോടിയിലധികം രൂപയുടെ മരങ്ങൾ വീണ്ടെടുത്തു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കും. ഗൂഢാലോചനയുൾപ്പെടെ അന്വേഷിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു.