കാസർകോട്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിന് ക്രൈംബ്രാഞ്ച് നോട്ടീസ്. നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ ബി.ജെ.പി. പ്രവർത്തകർ രണ്ടരലക്ഷം രൂപ കോഴ നൽകിയെന്നതാണ് കേസ്.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമായി അടുത്ത ബന്ധം പുലർത്തുന്ന സുനിൽ നായിക്‌ തിരഞ്ഞെടുപ്പ് സമയത്ത് മഞ്ചേശ്വരം മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. സുന്ദര പത്രിക പിൻവലിക്കുന്ന കാര്യം സുനിൽ നായിക്‌ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. സുനിലും സംഘവും സുന്ദരയുടെ വീട് സന്ദർശിച്ച ഫോട്ടോയും അതോടൊപ്പം നൽകി.

വീട്ടിലെത്തിയ ഈ സംഘമാണ് പണവും സ്മാർട്ട് ഫോണും കൈമാറിയതെന്ന് സുന്ദര പോലീസിന് നൽകിയ മൊഴിയിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സുനിലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ അടക്കമുള്ള പ്രാദേശിക ബി.ജെ.പി. നേതാക്കളെ നേരത്തേ പോലീസ് ചോദ്യംചെയ്തിരുന്നു.