പരവൂർ : പൂതക്കുളം കോട്ടുവൻകോണത്ത് യുവാവിനെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തി. പൂതക്കുളം കോട്ടുവൻകോണം പാറവിളവീട്ടിൽ സുരേഷിനെ(61)യാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം.

കരടിമുക്ക് വട്ടച്ചാലിൽവീട്ടിൽ ഷൈജു(36)വിനും സഹോദരി ഷൈലജയ്ക്കു(39)മാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ്‌ ഷൈലജയുടെ ഹോട്ടലിൽ ജോലിചെയ്തിരുന്ന സുരേഷിനെ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടിരുന്നു. ഷൈലജയെ സ്ഥിരമായി ശല്യംചെയ്തതിന്റെ പേരിൽ ഷൈജുവും സുരേഷുമായി പലതവണ വാക്കുതർക്കമുണ്ടായിട്ടുണ്ട്‌. വ്യാഴാഴ്ചയും ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടെയാണ് ഷൈജുവിന് കുത്തേറ്റത്. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരിക്കേറ്റ സുരേഷിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്നു പോയ സുരേഷ് കൂനംകുളത്ത് ബന്ധുവീട്ടിലുള്ള വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് വീടിന്റെ പിൻഭാഗത്ത് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരേഷ് മുൻപ്‌ കൊലപാതകക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിദ്യ, വിഷ്ണു, വൈഷ്ണവ്.