വളാഞ്ചേരി: ദേശീയപാത 66-ലെ മരണക്കെണിയായ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടകത്തിലെ ബഗാൽകോട്ട് സ്വദേശി യമനപ്പ വൈ. തൽവാർ(34)ആണ് മരിച്ചത്. തൽവാർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നിന് വട്ടപ്പാറയിലെ മുടിപ്പിൻ വളവിലായിരുന്നു അപകടം. ഇറക്കം ഇറങ്ങിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞശേഷം മുപ്പതടിയിലേറെയുള്ള താഴ്ചയിലേക്ക് വീണു. ലോറി ഛിന്നഭിന്നമായി.
മഹാരാഷ്ട്രയിൽനിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി വന്ന ലോറിയാണ് മറിഞ്ഞത്. വീഴ്ചയിൽ ഡ്രൈവറുടെ ക്യാബിനുമുകളിലേക്ക് ടൺകണക്കിന് ഭാരമുള്ള പഞ്ചസാരലോഡ് വീണു. നാട്ടുകാരും പോലീസും ചേർന്ന് ഡ്രൈവറെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രാഥമിക നടപടികൾക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.