തിരുവനന്തപുരം: സ്വപ്‌നാ സുരേഷ് പ്രതിയായ സ്വർണക്കടത്ത് കേസിന്റെ സമയത്ത് യു.എ.ഇ. കോൺസുലേറ്റിലെ ഗൺമാനായിരുന്ന പോലീസുദ്യോഗസ്ഥനെ വീണ്ടും കാണാതായി. കഴക്കൂട്ടം കരിമണൽ സ്വദേശിയായ ജയഘോഷിനെയാണ് ചൊവ്വാഴ്ച കാണാതായത്.

കഴിഞ്ഞ ജൂലായിലും ജയഘോഷിനെ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനിടയിൽ കൈഞരമ്പ് മുറിച്ചനിലയിൽ വീടിനടുത്തെ പുരയിടത്തിൽ കണ്ടെത്തിയിരുന്നു.

ജയഘോഷിന്റെ ഇരുചക്രവാഹനം നേമം പോലീസ് സ്‌റ്റേഷനിൽനിന്നു കണ്ടെത്തി. രാവിലെ ഭാര്യയെ ജോലിക്കാക്കിയ ശേഷമാണ് ജയഘോഷിനെ കാണാതായത്. ഉച്ചയ്ക്ക് ഒന്നരയോടെ നേമം സ്‌റ്റേഷനിലെത്തിയ ജയഘോഷ് വാഹനം കേടായെന്ന് പറഞ്ഞാണ് വാഹനവും താക്കോലും സ്‌റ്റേഷനിൽ വച്ച് പോയത്. ഇദ്ദേഹത്തെ കാണാതായതോടെ വീട്ടുകാർ തുമ്പ പോലീസിൽ പരാതി നൽകി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നേമം ഭാഗത്തുണ്ടെന്നു കണ്ടെത്തി. മൊബൈൽ ഫോണും, ഒരു കത്തും വാഹനത്തിനകത്തുണ്ടായിരുന്നു. താൻ മാനസിക വിഷമത്തിലാണെന്നും ഒരു യാത്ര പോവുകയാണെന്നും തിരിച്ചെത്തുമെന്നുമാണ് കത്തിലുണ്ടായിരുന്നത്.

നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ ദിവസങ്ങളിൽ പാഴ്‌സൽ ശേഖരിക്കാൻ ജയഘോഷും വിമാനത്താവളത്തിലെത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയഘോഷിനെ ചോദ്യംചെയ്തിരുന്നു. ഇതിനെത്തുടർന്ന് സർവീസിൽ നിന്നും സസ്‌പെൻഡ്‌ ചെയ്തിരിക്കുകയായിരുന്നു. തുമ്പ പോലീസ് കേസെടുത്തു.