തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും കടന്നാക്രമിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

കേന്ദ്ര സർക്കാരിന് സംസ്ഥാനത്തോട് മൃദുസമീപനമാണെന്ന സൂചനനൽകിക്കൊണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥനെതിരേയുള്ള കേസിന്റെ അന്വേഷണം ഇഴയുന്നതിനേയും അദ്ദേഹം വിമർശിച്ചു. ഇതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും ഇ.ഡിയും സി.ബി.ഐയുമൊന്നും സർക്കാരിനെ ആക്രമിക്കാത്തതെന്തെന്ന ആശയക്കുഴപ്പത്തിലാണ് താനെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. മുമ്പൊന്നും സംസ്ഥാന സർക്കാരിനെതിരേ കടുത്തഭാഷ രാഹുൽ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ആ ശൈലി വിട്ടായിരുന്നു ശംഖുംമുഖം കടപ്പുറത്ത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങു കൂടിയായ യോഗത്തിൽ വൻജനാവലിയെ അഭിസംബോധന ചെയ്ത് രാഹുലിന്റെ പ്രസംഗം. കേന്ദ്ര സർക്കാരിനേയും കടുത്തഭാഷയിൽ അദ്ദേഹം വിമർശിച്ചു.