തലശ്ശേരി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി(ഐ.എഫ്.എഫ്.കെ.)ന്റെ തലശ്ശേരി പതിപ്പിന് ഉത്സവപ്പൊലിമയാർന്ന അന്തരീക്ഷത്തിൽ തിരിതെളിഞ്ഞു. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ മന്ത്രി എ.കെ.ബാലൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചലച്ചിത്രരംഗത്ത് സമഗ്ര നിയമനിർമാണത്തിനുള്ള ഒരുക്കത്തിലാണ് സർക്കാരെന്ന് അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര, സാംസ്കാരിക രംഗത്ത് ഒട്ടേറെ പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയത്. എല്ലാ ജില്ലകളിലും നവോത്ഥാന നായകരുടെ സ്മാരകമായുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. കഴിവുള്ളവർക്ക് പണമില്ലാത്തതിനാൽ സിനിമാ നിർമാണം അസാധ്യമാകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിച്ചു. രണ്ട് വനിതകൾക്ക് സിനിമ നിർമിക്കാൻ 1.5 കോടി രൂപ നൽകി. പട്ടികജാതി-വർഗ വിഭാഗത്തിലുള്ള സിനിമാപ്രവർത്തകരെ സഹായിക്കാൻ മൂന്നുകോടി രൂപ അനുവദിച്ചു. ചലച്ചിത്രോത്സവത്തിന് ചിത്രാഞ്ജലി സ്റ്റുഡിയോ കേന്ദ്രീകരിച്ച് സ്ഥിരം വേദിയുണ്ടാക്കാനുള്ള 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി- മന്ത്രി പറഞ്ഞു.

മലബാറിലെ പ്രേക്ഷകരാണ് തിരുവനന്തപുരത്തെ ഇതുവരെയുള്ള ചലച്ചിത്രോത്സവത്തിന്റെ ശക്തിയെന്ന് ആമുഖഭാഷണം നടത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. ദേശീയപുരസ്കാരം ഇവിടേക്ക് കൊണ്ടുവന്ന സംവിധായകൻ സുവീരൻ, കലാസംവിധായകൻ സന്തോഷ് രാമൻ തുടങ്ങി തലശ്ശേരിക്കാരായ എല്ലാവരെയും മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

എ.എൻ.ഷംസീർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ ഗോദാർദിന് അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ ആദരമർപ്പിച്ചു. ഗോദാർദ് ഓൺലൈനായി സംസാരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം ചെയ്തു. നിർമാതാവ് ലിബർട്ടി ബഷീർ ഏറ്റുവാങ്ങി. നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി, നിർമാതാവ് മാധവൻ നായർ, അക്കാദമി സെക്രട്ടറി സി.അജോയ്, ജനറൽ കൗൺസിലംഗം പ്രദീപ് ചൊക്ലി എന്നിവർ സംസാരിച്ചു. എം.ടി.വാസുദേവൻ നായർ, ടി.പദ്മനാഭൻ, എം.മുകുന്ദൻ, കെ.പി.കുമാരൻ, ടി.വി.ചന്ദ്രൻ എന്നിവർ ഓൺലൈനിൽ സംസാരിച്ചു.

വലിയ ഭാഗ്യം

: ചെറിയ നഗരങ്ങളിൽ ചലച്ചിത്രോത്സവം കൊണ്ടുവരാനായത് വലിയ ഭാഗ്യമാണ്. ലോകത്തിലെ പ്രധാന സിനിമകളും ലോകസിനിമയെക്കുറിച്ച് ധാരണയുണ്ടാക്കുന്ന ചിത്രങ്ങളും കാണാനുള്ള അവസരമാണ്. ഇതുപോലെ ചെറിയ നഗരങ്ങളിൽ ചലച്ചിത്രമേളകൾ നടത്താൻ കഴിയണം.

-എം.ടി.വാസുദേവൻ നായർ

സ്ഥിരം വേദിയാക്കണം

: ചലച്ചിത്രോത്സവ വേദി കേരളത്തിലെ നാലുമേഖലകളിലാക്കി നടത്തുന്നത് സ്ഥിരമാക്കണം. ചലച്ചിത്രപ്രേമികൾക്കും വിദ്യാർഥികൾക്കും ഇത്തരം മേളകൾ പ്രധാനമാണ്. ലോകസിനിമ അദ്‌ഭുതാവഹമായ പരിണാമത്തിലൂടെയാണ് കടന്നുപോകുന്നത്.

- ടി.പത്മനാഭൻ

നിർമാതാക്കൾ ഒത്തുചേർന്നാൽ നല്ല സിനിമയുണ്ടാകും

: ഒന്നിലേറെ നിർമാതാക്കൾ ഒരുസിനിമയ്ക്കായി ഒത്തുചേർന്നാൽ സ്വതന്ത്ര സിനിമകൾക്ക് വഴിയൊരുങ്ങും. നല്ല സിനിമയെന്നാൽ രാഷ്ട്രീയ അനുഭവമാണ്. ഇവ നിർമിക്കുന്നതിന് തടസ്സം മൂലധനമാണ്. ഈ വെല്ലുവിളി നേരിടാൻ പല നിർമാതാക്കളും തയ്യാറാകുന്നില്ല. നിർമാതാക്കൾ കൂട്ടായി സിനിമ നിർമിച്ചാൽ നഷ്ടമുണ്ടായാലും വലിയ തോതിൽ ആരെയും ബാധിക്കില്ല. നമ്മുടെ ചിത്രങ്ങൾ ലോകശ്രദ്ധയാകർഷിക്കാതെ പോയത് എന്തുകൊണ്ടാണെന്നറിയില്ല. നമ്മുടേതിനേക്കാൾ ചെറിയ രാജ്യങ്ങളിൽനിന്നാണ് മികച്ച സിനിമകളുണ്ടാകുന്നത്.

-എം.മുകുന്ദൻ

മേളയ്ക്ക് ആരെയും ക്ഷണിക്കേണ്ടതില്ല

: അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്‌ ആരും ആരെയും ക്ഷണിക്കേണ്ട കാര്യമില്ല. മേള എല്ലാവർക്കും അവകാശപ്പെട്ടതാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല. ഓരോ പ്രദേശത്തുള്ളവരെയും ക്ഷണിക്കുക പ്രായോഗികമല്ല. പരിഭവിക്കുന്നവർ പരിഭവിക്കട്ടെ. ചിലരെ വിളിക്കണം. എം.ടി., ടി.പത്മനാഭൻ എന്നിവരെ വിളിച്ചു. അതിലുപരിയായി കഴിയില്ല.

-കമൽ

ചലച്ചിത്ര അക്കാദമി ചെയർമാൻ