തിരുവനന്തപുരം: സർക്കാർജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള കുടിശ്ശിക നാലുഗഡുക്കളായി നൽകും. ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തികവർഷംതന്നെ ഇത് പൂർണമായി നൽകും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇതിനു തീരുമാനമെടുക്കും.

സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. ഏപ്രിൽ മുതൽ പുതിയ നിരക്കിൽ പെൻഷൻ ലഭിക്കും. 80 വയസ്സ് കഴിഞ്ഞവർക്ക് മാസം ആയിരം രൂപ അധികമായി ലഭിക്കും.

യു.ജി.സി., എ.ഐ.സി.ടി.ഇ. തസ്തികകളിൽനിന്ന് വിരമിച്ചവർക്ക് സർക്കാർ ജീവനക്കാരുടെ പെൻഷനിൽ ഉയർന്നപരിധിയായ 83,400 രൂപ 2016 ജനുവരി മുതൽ ബാധകമാക്കാനും ധനവകുപ്പ് ശുപാർശചെയ്തു. ഇതും മന്ത്രിസഭ പരിഗണിക്കും. സർക്കാർ ജീവനക്കാർക്ക് 2019 ജൂലായ് ഒന്നുമുതലാണ് ഈ പരിധി ബാധകമാക്കിയിരുന്നത്. എന്നാൽ, പരിഷ്കരണം ബാധകമായ 2016 ജനുവരി ഒന്നുമുതൽ തങ്ങളുടെ കൂടിയ പെൻഷനും 83,400 രൂപയാക്കണമെന്ന് യു.ജി.സി. പെൻഷൻകാർ ആവശ്യപ്പെട്ടിരുന്നു.