മാന്നാർ: സ്വർണക്കടത്തിലെ കണ്ണിയല്ല താനെന്ന വിശദീകരണവുമായി ആശുപത്രിയിൽക്കഴിയുന്ന മാന്നാർ സ്വദേശിനി ബിന്ദു ബിനോയ്. ഇവർ പറയുന്നതിങ്ങനെ: ദുബായിൽനിന്ന്‌ ഹനീഫ എന്നയാൾ ഒരു പൊതി ഏൽപ്പിച്ചിരുന്നു. വിമാനത്താവളത്തിനുള്ളിൽ കയറിയശേഷമാണ് അതു സ്വർണമാണെന്നു പറഞ്ഞത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇതുകൊണ്ടുവന്നാൽ വലിയ പ്രശ്നമാകും. അതിനാൽ മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചു.

നെടുമ്പാശ്ശേരിയിലെത്തിയപ്പോൾ ഒരു യുവാവ് സ്വർണത്തിനായി കാത്തുനിൽപ്പുണ്ടായിരുന്നു. സ്വർണം ഉപേക്ഷിച്ചതായി പറഞ്ഞപ്പോൾ തന്നെയും നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനെത്തിയ ഭർത്താവിനെയും ഇയാൾ തടഞ്ഞുവെച്ചു ബഹളമുണ്ടാക്കി.

പോലീസിൽ പരാതിപ്പെടുമെന്നു പറഞ്ഞപ്പോഴാണ് യുവാവു പിൻമാറിയത്. മാന്നാറിലേക്കുവരുമ്പോൾ വാഹനങ്ങളിൽ ആൾക്കാർ പിന്തുടർന്നതിനാൽ റൂട്ടുമാറി സഞ്ചരിച്ചാണ്‌ മാന്നാറിലെത്തിയത്. പിന്നീടാണ്‌ സ്വർണം ആവശ്യപ്പെട്ട്‌ വീട്ടിലെത്തിയതും തട്ടിക്കൊണ്ടുപോയതും. താൻ 18 വർഷമായി സ്വർണം കടത്തുകയായിരുന്നുവെന്നാണ്‌ ചിലർ ആരോപിക്കുന്നത്. ഇങ്ങനെ ആരോപിക്കുന്നവർ എന്റെ വീടും സാമ്പത്തികനിലയും അന്വേഷിക്കണം - ബിന്ദു പറഞ്ഞു.