തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നിൽ സമരം നടത്തുന്ന പി.എസ്.സി. ഉദ്യോഗാർഥികളുടെ സമരപ്പന്തൽ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപനം ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം എത്തിയത്. രാത്രി 7.50-ഓടെ രാഹുൽ ആദ്യം സി.പി.ഒ. ഉദ്യോഗാർഥികളുടെ സമരപ്പന്തലിലാണ് എത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉദ്യോഗാർഥികൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തുടർന്ന് ലാസ്റ്റ് ഗ്രേഡ് സവർവന്റ്‌സ്, നോൺ അപ്രൂവ്ഡ് ടീച്ചേഴ്‌സ്, ഫോറസ്റ്റ് വാച്ചർ എന്നീ ഉദ്യോഗാർഥികളെ സന്ദർശിച്ചു.

പി.എസ്.സി. ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന യൂത്ത് കോൺഗ്രസ് സമരപ്പന്തൽ സന്ദർശിച്ചശേഷം 8.24-ഓടെ അദ്ദേഹം മടങ്ങി. നേതാക്കളായ കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ശശി തരൂർ എം.പി., എം.എൽ.എ.മാരായ വി.എസ്. ശിവകുമാർ, ഷാഫി പറമ്പിൽ, കെ.എസ്. ശബരിനാഥൻ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.