ചെറുവത്തൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ ടി.കെ.പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുപതോളം നിക്ഷേപകർ ചന്തേരയിലെ തങ്ങളുടെ വീടിനുമുന്നിലെത്തി. വീടിനകത്തേക്ക് കടക്കാനുള്ള ശ്രമം ഗേറ്റിന് പുറത്ത് ചന്തേര പോലീസ് തടഞ്ഞു. പടന്ന, തൃക്കരിപ്പൂർ, പിലിക്കോട് പഞ്ചായത്തുകളിലെ നിക്ഷേപകരാണ് പ്രതിഷേധവുമായെത്തിയത്.

സ്ഥാപനത്തിന്റെ ചെയർമാൻ എം.സി.ഖമറുദ്ദീൻ എം.എൽ.എ.യെ അറസ്റ്റുചെയ്ത് 97 ദിവസം ജയിലിലടച്ചിട്ടും മാനേജിങ് ഡയറക്ടറെയും മറ്റ് ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത പോലീസിനെ നിക്ഷേപകർ വിമർശിച്ചു. ചില രാഷ്ട്രീയക്കാരും ഒരുവിഭാഗം പോലീസും പൂക്കോയ തങ്ങളെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചു. ഇദ്ദേഹത്തിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. കേസിലെ പ്രതിയായ മകൻ ഇഷാം ഇതിനിടയിൽ ദുബായിലേക്ക് കടന്നു. മനേജർ സൈനുൽ ആബിദീൻ പോലീസിൽ കീഴടങ്ങി ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു.

പൂക്കോയ തങ്ങൾ ചന്തേരയിലെ വീട്ടിലേക്ക് ഇടയ്ക്ക് വരാറുണ്ടെന്നും അന്വേഷണസംഘം കണ്ണടയ്ക്കുകയാണെന്നും നിക്ഷേപകർ ആരോപിച്ചു. രണ്ടുദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് ഇവർ പിരിഞ്ഞുപോയത്.