കൊട്ടാരക്കര : സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗവും എസ്.സി.-എസ്.ടി. കോർപ്പറേഷൻ ചെയർമാനും നെടുവത്തൂർ മണ്ഡലം മുൻ എം.എൽ.എ.യുമായ കൊട്ടാരക്കര താമരക്കുടി രാഖിയിൽ ബി.രാഘവൻ (69) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

രണ്ടാഴ്ചമുൻപാണ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ബി.രാഘവനെയും കുടുംബാംഗങ്ങളെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധകൂടിയായതോടെ ഗുരുതരാവസ്ഥയിലായ രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമായി. ഇരുവൃക്കകളുടെയും പ്രവർത്തനം നിലയ്ക്കുകയും ചൊവ്വാഴ്ച പുലർച്ചെ നാലേമുക്കാലോടെ മരിക്കുകയും ചെയ്തു.

കൊല്ലം ജില്ലയിലെ പ്രമുഖ സി.പി.എം.നേതാവായിരുന്ന ബി.രാഘവൻ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു. മുൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. 1987-ൽ നെടുവത്തൂരിൽനിന്നാണ് ആദ്യമായി എം.എൽ.എ.ആയത്. കേരള കോൺഗ്രസ് (ജെ) സ്ഥാനാർഥി കോട്ടക്കുഴി സുകുമാരനെയാണ് കന്നിയങ്കത്തിൽ തോല്പിച്ചത്.

1991-ലും 2006-ലും നെടുവത്തൂരിൽനിന്ന്‌ നിയമസഭയിലെത്തി. ഭാര്യ: രേണുക. മക്കൾ: രാകേഷ് ആർ.രാഘവൻ, രാഖി ആർ.രാഘവൻ. ‌കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിലാപയാത്രയായി എത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, പാർട്ടി നേതാക്കളായ കെ.എൻ.ബാലഗോപാൽ, എസ്.സുദേവൻ, കെ.വരദരാജൻ, ജോർജ് മാത്യു, അയിഷാപോറ്റി എം.എൽ.എ., കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ. തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിച്ചു. ചൊവ്വാഴ്ച കൊട്ടാരക്കരയിൽ നടത്താനിരുന്ന ഇടതുമുന്നണി വികസനമുന്നേറ്റജാഥയുടെ സ്വീകരണപരിപാടികൾ മാറ്റിവെച്ചു.