കല്യാശ്ശേരി: ശാസ്ത്രസാങ്കേതിക വിദഗ്ധനും കെൽട്രോൺ സ്ഥാപകചെയർമാനുമായ കെ.പി.പി.നമ്പ്യാരുടെ സ്മാരകവും ഇലക്ട്രോണിക്സ് ഗവേഷണകേന്ദ്രവും കെൽട്രോൺ കോംപ്ലക്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങൾ മാറ്റങ്ങളോടൊപ്പം കുതിപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.പി.പി.നമ്പ്യാർ സ്മാരക മന്ദിരമുൾപ്പെടെ 23.77 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ് ചൊവ്വാഴ്ച മാങ്ങാട്ടുപറമ്പ് കെൽട്രോൺ കോംപ്ലക്സിൽ തുടക്കംകുറിച്ചത്. രണ്ടുകോടി രൂപ ചെലവിൽ നിർമിച്ച സ്മാരകമന്ദിരത്തിൽ ഉണ്ണി കാനായി രൂപകൽപന ചെയ്ത കെ.പി.പി.നമ്പ്യാരുടെ ഏഴടി ഉയരമുള്ള വെങ്കലപ്രതിമ മന്ത്രി ഇ.പി.ജയരാജൻ അനാവരണം ചെയ്തു. നമ്പ്യാരുടെ ശാസ്ത്രവികസന ദർശനങ്ങൾ, കെൽട്രോണിന്റെയും ഇലക്ട്രോണിക്സിന്റെയും വളർച്ചയുടെ ഘട്ടങ്ങൾ, സയൻസ് ഗാലറി, വിദ്യാർഥികളെ ശാസ്ത്ര നിരീക്ഷണങ്ങൾക്കും ഗവേഷണത്തിനും പ്രേരിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ, ഗവേഷണ പരീക്ഷണശാലകൾ എന്നിവയാണ് ഇവിടെ വിഭാവനംചെയ്തിട്ടുള്ളത്. ഈ കേന്ദ്രത്തെ സമ്പൂർണ ഇലക്ട്രോണിക്സ് ഗവേഷണവിഭാഗമായി മാറ്റുകയാണ് ലക്ഷ്യം.

ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം, സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് (സീമെറ്റ്), നേവൽ മെറ്റീരിയൽ റിസർച്ച് ലാബ് (എൻ.എം.ആർ.എൽ.) എന്നിവയുടെ സാങ്കേതിക സഹകരണത്തോടെ 18 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന സൂപ്പർ കപ്പാസിറ്റർ ഉത്‌പാദന കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. രണ്ടുകോടി രൂപ മുതൽമുടക്കിൽ സ്ഥാപിച്ച മെറ്റലൈസ്ഡ് പോളി പ്രൊപ്പലിൻ മോട്ടോർ റൺ കപ്പാസിറ്റർ ഉത്‌പാദന കേന്ദ്രവും 1.77 കോടി ചെലവുവരുന്ന വെയർഹൗസ്, മെറ്റലൈസിങ് പ്ലാന്റ്, ടൂൾ റൂം, ഐ.ടി. നവീകരണപദ്ധതി തുടങ്ങിയവയ്ക്കും തുടക്കം കുറിച്ചു.

വ്യവസായമന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനിലൂടെ ആശംസയർപ്പിച്ചു. ടി.വി.രാജേഷ് എം.എൽ.എ., കെൽട്രോൺ ചെയർമാൻ എൻ.നാരായണ മൂർത്തി, എം.സി.ദത്തൻ, എസ്‌.സോമനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണൻ, കെൽട്രോൺ എം.ഡി. കെ.ജി.കൃഷ്ണകുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ സംസാരിച്ചു.