പഴയങ്ങാടി: നഷ്ടത്തിലായിരുന്ന കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്‌സ് ലിമിറ്റഡ് (കെ.സി.സി.പി.എൽ.) വൈവിധ്യവത്‌കരിച്ച് പേരുമാറ്റി പുതിയ സ്ഥാപനമായി. ക്ലേ അനുബന്ധ ഉത്‌പന്നങ്ങൾക്ക് പകരം കയർ, നാളികേര അധിഷ്ഠിത ഉത്‌പന്നങ്ങളും പെട്രോൾ പമ്പുകളും മറ്റുമുള്ള സ്ഥാപനമെന്ന നിലയ്ക്ക് കേരള കോക്കനട്ട്, കയർ ആൻഡ് പെട്രോളിയം പ്രോഡക്ട് ലിമിറ്റഡ് എന്നാണ് താത്‌കാലികമായി സ്വീകരിച്ച പുതിയ പേര്. ചുരുക്കപ്പേര് പഴയത് തന്നെ-കെ.സി.സി.പി.എൽ. പേരിനൊപ്പം കേരള എന്ന് ചേർക്കാൻ സുപ്രീംകോടതി വിധിപ്രകാരം തടസ്സമുള്ളതിനാൽ ഇത് അന്തിമമാക്കിയിട്ടില്ല.

വൈവിധ്യവത്‌കരണത്തിന്റെ ഉദ്ഘാടനം പഴയങ്ങാടി വെങ്ങരയിൽ വ്യവസായമന്ത്രി ഇ.പി.ജയരാജൻ നിർവഹിച്ചു. തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 10 ശതമാനം ഇടക്കാലാശ്വാസം അദ്ദേഹം പ്രഖ്യാപിച്ചു. ആധുനിക ചകരിനാര് നിർമാണ യൂണിറ്റ് ധനമന്ത്രി തോമസ് ഐസക്‌ ഉദ്ഘാടനം ചെയ്തു. മന്ത്രി ജയരാജൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. കയർ വകുപ്പിന്റെ 3.5 കോടി രൂപ ഗ്രാന്റ് ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. ഒരു യൂണിറ്റുകൂടി തുടങ്ങാൻ ഗ്രാന്റ് അനുവദിക്കാമെന്ന് മന്ത്രി ഐസക് വാഗ്ദാനം ചെയ്തു.

തൊഴിലാളികളെ പിരിച്ചുവിടുന്നതല്ല, സംരക്ഷിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. പുതിയ ശമ്പളക്കമ്മിഷനെവെച്ച് പഠിച്ചുവരാൻ രണ്ടുവർഷമെടുക്കുമെന്നതിനാലാണ് ഇടക്കാലാശ്വാസം പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചെയർമാൻ ടി.കെ.ഗോവിന്ദൻ അധ്യക്ഷനായി. പുതിയ പേരും ലോഗോയും ബ്രോഷറും ടി.വി.രാജേഷ് എം.എൽ.എ. പ്രകാശനം ചെയ്തു.

കേരള സ്റ്റേറ്റ് കയർ മാനുഫാക്ചറിങ്‌ കമ്പനി ചെയർമാൻ കെ.പ്രസാദ്, മാനേജിങ്‌ ഡയറക്ടർ പി.വി.ശശീന്ദ്രൻ, കയർ ഫെഡ് ചെയർമാൻ എൻ.സായികുമാർ, ഡോ. ദിനേശൻ ചെറുവാട്ട്, മലബാർ മേഖല മിൽമ ചെയർമാൻ കെ.എം.വിജയകുമാർ, ബി.പി.സി.എൽ. ടെറിട്ടറി മാനേജർ കെ.മനോജ്, കെ.സി.സി.പി.എൽ. മാനേജിങ്‌ ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, ഡയറക്ടർ പി.കെ.ഹരിദാസ് തുടങ്ങിയവരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും പങ്കെടുത്തു.

മത്സ്യവിത്തും ചകിരിനാരും

മാങ്ങാട്ടുപറമ്പ്, നാടുകാണി, കരിന്തളം എന്നിവിടങ്ങളിൽ പെട്രോൾ പമ്പ് തുടങ്ങാനും കണ്ണപുരത്ത് നാളികേരാധിഷ്ഠിത ഉത്‌പന്നങ്ങളുണ്ടാക്കാനും നീലേശ്വരത്തും മറ്റ് കേന്ദ്രങ്ങളിലുമായി 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉത്‌പാദിപ്പിക്കാനുമാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് വാങ്ങും. പഴയങ്ങാടി ചകിരിനാര് യൂണിറ്റിൽ മണിക്കൂറിൽ രണ്ടായിരത്തോളം തൊണ്ട് സംസ്കരിക്കാം. രണ്ടുഷിഫ്റ്റിലായി ദിവസം 60,000 തൊണ്ടാണ് ലക്ഷ്യമിടുന്നത്. വീടുകളിൽ പാഴാക്കിക്കളയുന്ന ചകിരി കുടുംബശ്രീ മുഖേന കിലോഗ്രാമിന് 1-1.50 രൂപ നിരക്കിൽ ശേഖരിക്കാൻ ആലോചനയുണ്ട്.