തിരുവനന്തപുരം: കേരളത്തിലെ വ്യാപാര ലൈസൻസ് ഫീസ് പുതുക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 എന്നത് ജൂൺ 30 വരെ നീട്ടണമെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഭൂരിഭക്ഷം വ്യാപാരികൾക്കും ലൈസൻസ് പുതുക്കാൻ കഴിഞ്ഞിട്ടില്ല. പുതുക്കിയ മാനദണ്ഡങ്ങളും ഓൺലൈൻ വഴിയുള്ള പുതുക്കൽ പ്രക്രിയയിലുള്ള അവ്യക്തതയുമാണ് കാലതാമസത്തിനു കാരണം. കെട്ടിടനികുതി അടയ്ക്കുന്നതിൽ താമസം നേരിടുന്നതും പ്രയാസമുണ്ടാക്കുന്നതായി സമിതി സംസ്ഥാന ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.

തീയതി നീട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർക്ക് നിവേദനവും നൽകിയിട്ടുണ്ട്. സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത്, വർക്കിങ്‌ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സി.എച്ച്.ആലിക്കുട്ടി ഹാജി, സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറർ കെ.എസ്.രാധാകൃഷ്ണൻ, സെക്രട്ടറി എസ്.എസ്.മനോജ് എന്നിവരാണ് ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകിയത്.