തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരേ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നിർണായക വെളിപ്പെടുത്തൽ. ഇ.എം.സി.സി. വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്നു സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നെന്നും ഇത് മറച്ചുവെച്ചാണ് നാലുമാസം കഴിഞ്ഞ് കരാർ ഒപ്പിട്ടതെന്നും മുരളീധരൻ ആരോപിച്ചു.

അമേരിക്കൻ കമ്പനിയെക്കുറിച്ച് വിശദാംശങ്ങൾ നൽകണമെന്ന്‌ ആവശ്യപ്പെട്ട് 2019 ഒക്ടോബർ മൂന്നിന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ വിദേശകാര്യ ജോയന്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഇ.എം.സി.സി. ഗ്ലോബൽ കൺസോർഷ്യം എന്ന സ്ഥാപനം കണ്ടെത്താൻ ശ്രമിച്ചു. കത്തിടപാട് നടത്തി. എന്നാൽ, മറുപടി കിട്ടിയില്ല. താത്കാലിക വാടകക്കെട്ടിടത്തിൽ വെർച്വൽ വിലാസത്തിലുള്ള സ്ഥാപനംമാത്രമാണിതെന്നാണ് കണ്ടെത്തിയത്. ഇക്കാര്യം ഒക്ടോബർ 21-ന് സംസ്ഥാനത്തെ ഇ-മെയിൽ വഴി അറിയിച്ചു. എന്നാൽ, അക്കാര്യം സംസ്ഥാനസർക്കാർ മിണ്ടിയില്ല. ഈ മറുപടി ലഭിച്ചശേഷമാണ് 2020 ഫെബ്രുവരിയിൽ അസന്റിൽ കരാർ ഒപ്പിട്ടത്. രജിസ്‌ട്രേഷൻ മാത്രമുള്ള, വ്യാജസ്ഥാപനം ആണെന്ന് അറിയാമായിരുന്നിട്ടും അക്കാര്യം മറച്ചുവെച്ച് മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ് സർക്കാർ ചെയ്തതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

കേന്ദ്രം ഒന്നും അറിയിച്ചില്ലെന്ന മന്ത്രി ഇ.പി. ജയരാജന്റെ പരാമർശത്തെയും മന്ത്രി തള്ളി. വായിൽത്തോന്നിയത് വിളിച്ചുപറയുന്ന ആളാണ് ജയരാജനെന്നായിരുന്നു പ്രതികരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയച്ച കത്തിന്റെ കാര്യം ജയരാജൻ അറിഞ്ഞില്ലെങ്കിൽ അത് ഭരണപരാജയമാണ്. ഇ.എം.സി.സി. പ്രസിഡന്റിനെ ന്യൂയോർക്ക് പര്യടനത്തിനിടെ താൻ കണ്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. എൻ.ഡി.എ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.