തിരുവനന്തപുരം: കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്‌സ്’ ക്ലബ്ബിൽ അംഗമാകാൻ വിദ്യാർഥികൾക്ക് അവസരം. പൊതുവിദ്യാലയങ്ങളിൽ ഈവർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന 60,000 കുട്ടികൾക്കാണ് അവസരം.

ഏപ്രിലിൽ നടത്തുന്ന അഭിരുചിപരീക്ഷയിൽ 40 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്നാണ് തിരഞ്ഞെടുക്കുക. മാർച്ച് 10-നകം ക്ലാസ് ടീച്ചർ മുഖേന പ്രഥമാധ്യാപകർക്ക് അപേക്ഷ നൽകണമെന്ന് കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് അറിയിച്ചു.

അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലെ ഇ@വിദ്യ, എട്ടാം ക്ലാസിലെ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണംചെയ്ത ഐ.സി.ടി. ക്ലാസുകൾ, ഐ.ടി. മേഖലയിലെ പൊതുവിജ്ഞാനം, ലോജിക്കൽ റീസണിങ്‌ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷ. ആനിമേഷൻ, പ്രോഗ്രാമിങ്‌, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിങ്‌, മലയാളം കംപ്യൂട്ടിങ്‌, ഹാർഡ്‌വേർ, ഇലക്‌ട്രോണിക്സ്, ഐ.ഒ.ടി., റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധപരിശീലനം ലിറ്റിൽ കൈറ്റ്‌സ് വഴി വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളിൽ ‘എ ഗ്രേഡ്’ ലഭിക്കുന്നവർക്ക് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭിക്കും.