തിരുവനന്തപുരം: സിവിൽ പോലീസ് ഓഫീസർമാരായി നിയമനം ലഭിക്കുന്നവർക്ക് പരിശീലനം ലഭിക്കുന്നതുപോലെ ജയിലിൽ നിയമനം ലഭിക്കുന്നവർക്കും ജോലിയിൽ പ്രവേശിക്കുംമുമ്പ് പരിശീലനം നൽകും. ജോലിയിൽ പ്രവേശിച്ചശേഷം പരിശീലനമെന്ന നിലവിലെ രീതി ഒഴിവാക്കിയാണ് പുതിയ തീരുമാനം. പരിശീലനം നേടാതെ ജോലിയിൽ പ്രവേശിക്കുന്നതുമൂലം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ ഒഴിവാക്കാനാണിത്. ഇതിന് സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തും.

ജോലിയെ ബാധിക്കുന്നു

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ തസ്തികകളിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് നിലവിൽ സർവീസിനിടയിലാണ് പരിശീലനം. ജോലിയുടെ സ്വഭാവം മനസ്സിലാക്കാത്തതിനാൽ ഇത്തരം ജീവനക്കാരുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിക്കുന്നതായി ജയിൽ മേധാവിമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരിശോധിച്ചാണ് പുതിയ തീരുമാനം.

കൗൺസലിങ്ങിന് പ്രാധാന്യം

വിദഗ്ധർ തയ്യാറാക്കിയ പാഠ്യപദ്ധതി അനുസരിച്ചാകും പരിശീലനം. ജയിലിൽ അനുവർത്തിക്കേണ്ട മനശ്ശാസ്ത്ര പാഠങ്ങൾക്കും പ്രാധാന്യം നൽകും. അടിസ്ഥാന പരിശീലന സമയത്ത് കേരള സർവകലാശാലയുടെ വിദൂരപഠന കേന്ദ്രം വഴി സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും.