കോഴിക്കോട്: ഇടതുമുന്നണി സീറ്റുവിഭജന ചർച്ച രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നു. 26-ന് മുന്നണിയുടെ രണ്ട് മേഖലാജാഥകളും സമാപിക്കുന്നതിനു പിന്നാലെ തന്നെ സീറ്റ് ചർച്ചകൾക്ക് തുടക്കമാവും. കേരള കോൺഗ്രസ് മാണി ഗ്രൂപ്പും എൽ.ജെ.ഡി.യും മുന്നണിയിൽ എത്തിയ സാഹചര്യത്തിൽ മറ്റുള്ള എല്ലാവരും അതിനനുസരിച്ച് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് ആദ്യഘട്ട ചർച്ചയിൽത്തന്നെ സി.പി.എം. നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. ഘടകകക്ഷികളുടെ ആവശ്യങ്ങൾ കേട്ട സി.പി.എം. നേതൃത്വം അവ പരിശോധിച്ചശേഷമുള്ള നിലപാട് രണ്ടാംഘട്ട ചർച്ചയിൽ വ്യക്തമാക്കും.

ഓരോ കക്ഷിക്കും അനുവദിച്ച സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായാൽ നേതൃത്വം അക്കാര്യം പ്രഖ്യാപിക്കും. സ്ഥാനാർഥിനിർണയം അടക്കമുള്ള കാര്യങ്ങളിലും പിന്നീട് പെട്ടെന്നുതന്നെ തീരുമാനമാവും. മാർച്ച് ആദ്യവാരം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്നതിനാൽ ഇനിയെല്ലാം വേഗത്തിൽ പൂർത്തിയാവും.

കോൺഗ്രസ് എസ്., ആർ.എസ്.പി.യിലെ കോവൂർ കുഞ്ഞുമോൻ വിഭാഗം, കേരള കോൺഗ്രസ് (ബി), സ്‌കറിയാ തോമസ് വിഭാഗം എന്നിവയെല്ലാം ഓരോ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നാണ് സൂചന. നാല് സീറ്റുകളാണ് എൻ.സി.പി.യും ഐ.എൻ.എല്ലും ആവശ്യപ്പെടുന്നത്. എൽ.ജെ.ഡി.ക്ക് കൂടുതൽ സീറ്റുകൾ നൽകേണ്ടതിനാൽ ജനതാദൾ എസിന്റെ വിഹിതം കുറയും. സി.പി.ഐ.യും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നുള്ള സൂചന ഇതിനകംതന്നെ സി.പി.എം. നൽകിയിട്ടുണ്ട്.