തിരുവനന്തപുരം: ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതാകണം യു.ഡി.എഫ്. സ്ഥാനാർഥിപ്പട്ടികയെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. യു.ഡി.എഫ്. നേതൃയോഗത്തിലും കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ടസമിതി യോഗത്തിലും സംസാരിക്കുകയായിരുന്നു അദേഹം.

കോൺഗ്രസ് മാത്രമല്ല യു.ഡി.എഫ്. കക്ഷികളും ചെറുപ്പക്കാർക്കും വനിതകൾക്കും പുതുമുഖങ്ങൾക്കും മുൻതൂക്കം നൽകുന്നത് നന്നാകും. ഐശ്വര്യ കേരളയാത്ര വൻ വിജയമായിരുന്നുവെന്ന് രാഹുൽ വിശേഷിപ്പിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകാനും സർക്കാരിനെതിരായ പ്രചാരണം പൊതുസമൂഹത്തിലെത്തിക്കാനും യാത്രയ്ക്ക് കഴിഞ്ഞു. സർക്കാരിന്റെ ദുഷ്‌ചെയ്തികൾ പുറത്തുകൊണ്ടുവരാൻ പ്രതിപക്ഷമെന്ന നിലയിൽ യു.ഡി.എഫിന് കഴിയുന്നുണ്ട്.

അന്തരീക്ഷം അനുകൂലമാണെങ്കിലും സ്ഥാനാർഥിനിർണയം വളരെ പ്രധാനപ്പെട്ടതാണ്. മുതിർന്നവരെ മുഴുവൻ മാറ്റണമെന്നല്ല. എന്നാൽ, പുതുമുഖങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണം.

ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണ പ്രധാന പ്രചാരണ വിഷയമാക്കണമെന്ന് ഘടകകക്ഷി നേതാക്കൾ നിർദേശിച്ചു. രാഹുൽഗാന്ധി ഈ നിർദേശത്തോട് യോജിച്ചു. ബി.ജെ.പി.-സി.പി.എം. ധാരണയെന്നത് യാഥാർഥ്യമാണ്. സർക്കാരിനെതിരേയുള്ള കേസുകൾ മന്ദഗതിയിലായതും മറ്റും ഈ ധാരണയുടെ പശ്ചാത്തലത്തിലാണ്. യു.ഡി.എഫിനെ തളർത്തുകയെന്നതാണ് ഈ ധാരണയെന്നും അദേഹം പറഞ്ഞു.

ആഴക്കടൽ കരാർ: യു.ഡി.എഫ്. രണ്ട് പ്രചാരണജാഥകൾ നടത്തും

ആഴക്കടൽ മത്സ്യബന്ധനക്കരാറിലൂടെ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച സർക്കാരിന്റെ നടപടി ജനങ്ങളിലെത്തിക്കാൻ രണ്ട് പ്രചാരണ ജാഥകൾ നടത്താൻ യു.ഡി.എഫ്. നേതൃയോഗം തീരുമാനിച്ചു.

മാർച്ച് ഒന്നിന് ടി.എൻ. പ്രതാപൻ എം.പി.യുടെ നേതൃത്വത്തിൽ കാസർകോട്ടുനിന്നും ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്തുനിന്നുമായിരിക്കും ജാഥകൾ ആരംഭിക്കുക. കാസർകോട്ട് ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഴിഞ്ഞത്ത് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.

രണ്ട് ജാഥകളും മാർച്ച് 5-ന് എറണാകുളത്ത് സംഗമിക്കും. സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. 27-ന് മത്സ്യത്തൊഴിലാളി സംഘടനകളും ബോട്ട് ഉടമസംഘവും നടത്തുന്ന തീരദേശ ഹർത്താലിനെ യു.ഡി.എഫ്. പിന്തുണയ്ക്കും.

യു.ഡി.എഫ്. പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രകടന പത്രികയിലേക്ക് ജനങ്ങളിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കാൻ 140 നിയോജകമണ്ഡലങ്ങിളിലും ജനസദസ്സുകൾ സംഘടിപ്പിക്കും.