തിരുവനന്തപുരം: കോവിഡിന്റെ ശാസ്ത്രീയ വിവരങ്ങളും പഠനങ്ങളും ലഭ്യമാക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്-കേരള (ഐ.ഐ.ഐ.ടി.എം-കെ) സെർച്ച് എൻജിൻ വികസിപ്പിച്ചു. കണ്ടെത്തുക എന്നർഥം വരുന്ന സംസ്‌കൃത പദമായ ‘വിലോകന’ (www.vilokana.in) എന്നതാണ് ഈ നിർമിതബുദ്ധി അധിഷ്ഠിത സെമാന്റിക് സെർച്ച് എൻജിന്റെ പേര്.

സെന്റർ ഫോർ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ആൻഡ് ന്യൂറോമോർഫിക് സിസ്റ്റംസ് (ന്യൂറോ എ.ജി.ഐ.) പ്രൊഫസർ ഡോ. എ.പി. ജെയിംസിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിന്റെ ശാസ്ത്രീയ ദൗത്യങ്ങളുടെ ഭാഗമായാണ് സെർച്ച് എൻജിന് രൂപംനൽകിയത്.

ശാസ്ത്രീയവും കൃത്യവുമായ വിവരങ്ങൾ ഇതിലൂടെ കണ്ടെത്താനാകും. ശാസ്ത്രീയ പഠനങ്ങളിലെ സങ്കീർണവും അതേസമയം സുപ്രധാനവുമായ വിവരങ്ങൾ ശാസ്ത്രജ്ഞർക്കും സാധാരണക്കാർക്കും ലഭ്യമാകുന്നത് ഇപ്പോൾ വളരെ പ്രയാസകരമാണ്. ഈ പോരായ്മ പരിഹരിക്കാൻ വിലോകനയ്ക്ക് കഴിയുമെന്ന് അധികൃതർ പറഞ്ഞു. സെർച്ച് എൻജിനെക്കുറിച്ചുള്ള ഗവേഷണ ലേഖനം തയ്യാറാക്കുന്നത് ശ്രീജിത്പഞ്ച, ഡോ. അക്ഷയ്‌മാൻ എന്നിവരാണ്.

കീവേഡ് അടിസ്ഥാനത്തിലുള്ള തിരച്ചിലിനുപുറമേ വിശകലനത്തിനും പുതിയ വിവരങ്ങൾ കണ്ടെത്തുന്നതിനുമായി ശാസ്ത്രീയ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷനും ഇതിലുണ്ട്. പുതിയ കീവേഡുകൾ കണ്ടുപിടിക്കുക, കൂടുതൽ ജനകീയമായ വിവരങ്ങൾ മനസ്സിലാക്കുകയും പഠനവിധേയമാക്കുകയും ചെയ്യുക, വിവരങ്ങൾ സംഗ്രഹിക്കുക, പുത്തൻ പ്രവണതകൾ മനസ്സിലാക്കുക എന്നിവയ്ക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് വിലോകന തയ്യാറാക്കിയിരിക്കുന്നത്.