കണ്ണൂർ: കത്തിയും വലിയ മരക്കുറ്റിയും കന്നാസുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചിക്കട തുടങ്ങാമെന്ന സ്ഥിതി മാറുന്നു. ഇറച്ചിക്കടകൾക്ക് ലൈസൻസിനുള്ള വ്യവസ്ഥകൾ കർശനമാക്കിക്കൊണ്ടുള്ള തദ്ദേശസ്വയംഭരണവകുപ്പിന്റെ മാർഗരേഖ ഉടൻ പ്രാബല്യത്തിൽ വരും. കേരളത്തെ ആദ്യ അറവുമാലിന്യമുക്ത സംസ്ഥാനമാക്കുന്നതിന്റെ മുന്നോടിയായാണിത്.

കോഴിക്കടകൾക്ക് ലൈസൻസ് ലഭിക്കാൻ ഇനി മാലിന്യസംസ്കരണ പ്ലാന്റുമായുള്ള ധാരണാപത്രം ഹാജരാക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ഇറച്ചി വെട്ടുന്നതിന് മരക്കുറ്റി അനുവദിക്കില്ല. ഈച്ച വരാതിരിക്കാൻ വല കൊണ്ട് കവചമുണ്ടാക്കണം.

ജീവനക്കാർ ആറുമാസത്തിലൊരിക്കൽ ആരോഗ്യപരിശോധന നടത്തണം. മാലിന്യം സൂക്ഷിക്കുന്നതിന് സംവിധാനമൊരുക്കണം. മലിനജലം സംസ്കരിക്കാൻ സെപ്റ്റിക് ടാങ്കുകൾ പണിയണം. കോഴിവിൽപ്പനയുടെ കൃത്യമായ രജിസ്റ്റർ സൂക്ഷിക്കണം. തറയും ചുമരും ടൈൽ പതിക്കണം. ഭക്ഷ്യസുരക്ഷാവിഭാഗം കടകൾ ഇടയ്ക്കിടെ പരിശോധിക്കും. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയില്ലാതെ ഹോട്ടലുകാർ ഇറച്ചി വാങ്ങരുത്.

ഇറച്ചിമാലിന്യങ്ങൾ ആ ജില്ലയിൽത്തന്നെ സംസ്കരിക്കണം. സംസ്കരണ പ്ലാന്റുകളില്ലാത്ത ജില്ലയിൽനിന്ന്‌ അടുത്ത ജില്ലകളിലേക്ക് കൊണ്ടുപോകാം. അനധികൃതമായി അറവുമാലിന്യം ശേഖരിക്കുന്നത് തടയും. ചത്ത മൃഗങ്ങളെയും പക്ഷികളെയും പ്ലാന്റിൽ സംസ്കരിക്കണം. മാലിന്യം ശേഖരിച്ചുകൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും ഫ്രീസർ വണ്ടിയും കോൾഡ് സ്റ്റോറേജും വേണം.

സംസ്ഥാനത്ത് പ്രതിദിനം 1500 മെട്രിക് ടൺ കോഴിമാലിന്യമുണ്ടാകുന്നുണ്ട്. പ്രതിദിനം 1000 ടണ്ണിലധികം മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു.