മംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ഡൽഹിയിൽ പിടിയിലായ തീവ്രവാദിസംഘത്തിലെ ഒരാൾ ദക്ഷിണ കന്നഡ ഉപ്പിനങ്ങടിക്കടുത്ത നെക്കിലാടിയിൽ താമസിച്ചിരുന്നതായി സംശയം. അറസ്റ്റിലായ ആറുപേരിൽ ഒരാളായ മുഹമ്മദ് അമീർ ജാവേദ് എന്നയാൾ ഏതാനും വർഷങ്ങളായി നെക്കിലാടിയിൽ വാഹന വർക്‌ഷോപ്പ് നടത്തിയിരുന്ന റഫീഖ് ഖാൻ (48) ആണെന്നാണ് നാട്ടുകാരുടെ സംശയം.

അറസ്റ്റിലായ ആളുടെ ഫോട്ടോയ്ക്ക് റഫീഖ് ഖാനുമായി സാദൃശ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ജൂലായ് 18 മുതൽ ഇയാളെ നാട്ടിൽനിന്ന് കാണാതായി. ഇതുമായി ബന്ധപ്പെട്ട് രണ്ടാംഭാര്യ ഉപ്പിനങ്ങടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ 14-നാണ് ഡൽഹിയിൽ ആറ് തീവ്രവാദികളെ അറസ്റ്റുചെയ്തത്. ഇതിലെ മുഹമ്മദ് അമീർ ജാവേദാണ് നെക്കിലാടിയിൽ പേരുമാറ്റി റഫീഖ് ഖാൻ എന്നപേരിൽ തങ്ങിയതെന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഡൽഹിയിൽ പിടിയിലായ കൂട്ടത്തിൽ നെക്കലാടിയിൽനിന്ന് കാണാതായ ആളുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഋഷികേശ് സൊണാവനെ അറിയിച്ചു.

വർഷങ്ങൾക്കുമുമ്പ് നെക്കിലാടിയിലെത്തിയ റഫീഖ് ഖാൻ രണ്ടാം വിവാഹം കഴിച്ചശേഷം വാടക അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഹിന്ദിയിലും ഉറുദുവിലും ചിലസമയം പരിചിതമല്ലാത്ത ഭാഷയിലുമാണ് ഇയാൾ സംസാരിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വലിയതോതിൽ പണവും ഇയാൾ കൈകാര്യംചെയ്തിരുന്നതായി അടുത്ത് പരിചയമുള്ളവർ പറയുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന ഭാഗമാണ് നെക്കിലാടി. കഴിഞ്ഞയാഴ്ച ജില്ലയുടെ പശ്ചിമഘട്ട വനമേഖലയിൽനിന്ന് വിദേശത്തേക്ക് തീവ്രവാദബന്ധമുള്ള സാറ്റലൈറ്റ് ഫോൺവിളികൾ നടത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. തുടർന്ന് കർണാടകയുടെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.