തിരുവനന്തപുരം: വസ്തുതാപരമല്ലാത്തതും സമൂഹത്തിൽ സ്പർദയുണ്ടാക്കുന്നതിന് സഹായിക്കുന്നതുമാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കുന്നുണ്ടാകും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മതവിഭാഗങ്ങളിൽനിന്നും ഉയർന്നിട്ടുണ്ട്. അതിനാൽ, ആ നിലപാട് എടുത്തവർ മാറ്റംവരുത്തുകയാണ് വേണ്ടത്. സർക്കാർ സർവകക്ഷിയോഗം വിളിക്കേണ്ട ഘട്ടമല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രിസ്തുമതത്തിൽനിന്നും ആളുകളെ ഇസ്‌ലാം മതത്തിലേക്ക്‌ കൂടുതലായി പരിവർത്തനം ചെയ്യുന്നുവെന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ്. നിർബന്ധിത മതപരിവർത്തനം നടത്തിയതു സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല.

100 മലയാളികൾ ഐ.എസിൽ ചേർന്നതാണ് 2019 വരെയുള്ള കണക്ക്. ഇതിൽ 72 പേർ വിദേശരാജ്യത്ത് പോയശേഷം അവിടെനിന്ന് ഐ.എസ്. ആശങ്ങളിൽ ആകൃഷ്ടരായി അവിടെ എത്തിപ്പെട്ടവരാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്. ബാക്കിയുള്ള 28 പേരിൽ അഞ്ചുപേർ മറ്റുമതങ്ങളിൽനിന്ന് ഇസ്‌ലാം മതത്തിലേക്ക്‌ പരിവർത്തനം നടത്തിയശേഷമാണ്‌ ഐ.എസിൽ ചേർന്നത്. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളൊന്നും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാർക്കോട്ടിക്‌ ജിഹാദ് എന്നപേരിലുള്ള പ്രചാരണവും തെറ്റാണ്. 2020-ൽ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത 4941 ലഹരിക്കേസുകളിൽ 5422 പേരാണ് പ്രതികൾ. 2700 (49.80 ശതമാനം) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47 ശതമാനം) പേർ ഇസ്‌ലാം മതത്തിൽപ്പെട്ടവരും 853 (15.73 ശതമാനം) പേർ ക്രിസ്തുമതത്തിൽപ്പെട്ടവരുമാണ്. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. അത് പ്രത്യേകസമുദായത്തിന്റെ ആസൂത്രിതശ്രമത്തിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങൾ നമ്മുടേതുപോലെ എല്ലാ മതസ്ഥരും ഇടകലർന്നു ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.