കൊച്ചി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിഫോമിൽ തലമറയ്ക്കാനും ഫുൾ സ്ലീവ് വസ്ത്രംധരിക്കാനും അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി. തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യൂണിഫോമിനൊപ്പം തട്ടമിടാനും കൈകൾ പൂർണമായി മറയ്ക്കുന്നതരത്തിൽ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ കോഴിക്കോട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി റിസ നഹാനാണ് കോടതിയെ സമീപിച്ചത്.

എസ്.പി.സി.യിൽ ചേരാൻ ആരും നിർബന്ധിക്കുന്നില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിലയിരുത്തി. യൂണിഫോം മാനദണ്ഡം പാലിക്കാൻ തയ്യാറല്ലെങ്കിൽ ഹർജിക്കാരിക്ക്‌ എസ്.പി.സി.യിൽ ചേരേണ്ടതില്ല. അത് കരിക്കുലത്തിന്റെ ഭാഗമല്ലെന്നും വിലയിരുത്തി.

എന്നാൽ, ഇക്കാര്യം ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകാമെന്നും അത് പരിഗണിക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. ഇത് അനുവദിച്ച് ഹൈക്കോടതി ഹർജി തീർപ്പാക്കി.

രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകണം. ഹർജിക്കാരിയെയോ രക്ഷിതാക്കളെയോ കേട്ട് രണ്ടുമാസത്തിനുള്ളിൽ അനുയോജ്യമായ ഉത്തരവ് ഇറക്കാനും കോടതി നിർദേശിച്ചു. കോടതിയുത്തരവിലെ പരാമർശങ്ങൾ ബാധിക്കാത്ത തീരുമാനമായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.