തേഞ്ഞിപ്പലം: സർവകലാശാല നേരിട്ട് നടത്തുന്ന 11 ബി.എഡ് സെന്ററുകൾക്ക് എൻ.സി.ടി.ഇ. അംഗീകാരം നേടിയെടുക്കുന്ന നടപടികൾ വേഗത്തിലാക്കാൻ സർവകലാശാലാ സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം. പോരായ്‌മകൾ അറിയിക്കാൻ എൻ.സി.ടി.ഇ.യെ ക്ഷണിക്കും. കുറവുകൾ രണ്ടുമാസത്തിനകം പരിഹരിക്കാനും ഇതിനായി അടിയന്തര ഉപസമിതികൾ ചേരാനും യോഗം തീരുമാനിച്ചു. കാലങ്ങളായി അംഗീകാരമില്ലാതെ ഹൈക്കോടതി ഉത്തരവിലാണ് നിലവിൽ സെന്ററുകൾ പ്രവർത്തിച്ചുപോരുന്നത്.

സ്വാശ്രയ കോളേജ്, പ്രൈമറി സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ, എയ്ഡഡ്, ഗവ. കോളേജുകളിലെ അതിഥി അധ്യാപകർ എന്നിവർക്ക് പാർട്ട്‌ടൈം പിഎച്ച്‌.ഡി.ക്ക് പ്രവേശനം നൽകാനും യോഗം തീരുമാനിച്ചു.

അറബിക് കോളേജുകളിൽ പുതുതലമുറ കോഴ്‌സുകൾ തുടങ്ങുന്നതുസംബന്ധിച്ച നടപടികളിൽ വ്യക്തത വരുത്താൻ വി.സി.യും രജിസ്ട്രാറും സി.ഡി.സി. ഡയറക്‌ടറും ഗവർണറെ കാണും. എയ്ഡഡ് കോളേജുകളിൽ അധ്യാപകനിയമനത്തിന് 2018-ലെ യു.ജി.സി. മാർഗരേഖ സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു.

ബ്രിട്ടീഷ് പൗരത്വ വിഷത്തിൽ ലൈഫ് സയൻസ് പഠനവകുപ്പിലെ അധ്യാപകൻ രാധാകൃഷ്ണപിള്ളയുടെ സത്യവാങ്മൂലത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തി.