കൊച്ചി: ഫെയ്‌സ്ബുക്ക്‌ വഴി തിമിംഗില ഛര്‍ദി (അംബര്‍ഗ്രിസ്) വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് ലക്ഷദ്വീപ് സ്വദേശികളെ ഫോറസ്റ്റ് ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി. 50 ലക്ഷത്തോളം രൂപ വില വരുന്ന 1.4 കി.ഗ്രാം തിമിംഗില ഛര്‍ദിയാണ് പിടിച്ചത്. അന്ത്രോത്ത് ദ്വീപിലെ അമ്പാത്തി ചേറ്റ അബു മുഹമ്മദ് അന്‍വര്‍, അമിനി സ്വദേശി പുതിയ ഇല്ലം സിറാജ്, പുതിയ സ്രാമ്പിക്കൽ പി.എസ്. മുഹമ്മദ് ഉബൈദുള്ള എന്നിവരാണ് അറസ്റ്റിലായത്.

തൃശ്ശൂര്‍ ചേറ്റുവയില്‍നിന്ന് വനംവകുപ്പ് 30 കോടി രൂപ വില വരുന്ന 18 കിലോ തിമിംഗില ഛര്‍ദി പിടിച്ചിരുന്നു. കൂടുതല്‍ തിമിംഗില ഛര്‍ദി വില്പനയ്ക്കെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു. ഈയവസരത്തിലാണ് തിമിംഗില ഛര്‍ദി വില്‍ക്കുന്നവര്‍ ഫെയ്‌സ്ബുക്കില്‍ പരസ്യമിടുന്നത്. ഇതു സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം നടത്തുകയും വൈറ്റിലയില്‍ ഇത് വില്പനയ്ക്കെത്തിച്ചതായി വിവരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം വൈറ്റിലയിലെത്തി സംഘത്തെ പിടികൂടുകയായിരുന്നു.

തൃശ്ശൂര്‍ റെയ്ഞ്ച് ഫ്ളൈയിങ് സ്ക്വാഡ്, പെരുമ്പാവൂര്‍ റെയ്ഞ്ച് വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്. തിമിംഗില ഛര്‍ദി എവിടെ നിന്നെത്തിച്ചതാണെന്നുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. തൃശ്ശൂര്‍ ചേറ്റുവ സംഭവവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.