തിരുവനന്തപുരം: കവിയും അധ്യാപകനും വിവർത്തകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരം

(83) അന്തരിച്ചു. തിരുവനന്തപുരം ഊറ്റുകുഴി ടി.സി.26/765 നമ്പർ-4 രമ്യയിലായിരുന്നു താമസം. കോവിഡ് മുക്തനായ ശേഷം ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

യൂണിവേഴ്‌സിറ്റി കോളേജ്, വിെമൻസ് കോളേജ്, ആർട്‌സ് കോളേജ്, വിക്‌ടോറിയ കോളേജ്, ബ്രണ്ണൻ കോളേജ്, മഹാരാജാസ് കോളേജ് തുടങ്ങി വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ആർട്‌സ് കോളേജ്, പട്ടാമ്പി ഗവ. സംസ്‌കൃത േകാളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലുമായിരുന്നു. 1993-ൽ യൂണിവേഴ്‌സിറ്റി കോേളജിൽ പ്രിൻസിപ്പൽ ആയിരിക്കെ സർവീസിൽനിന്നു വിരമിച്ചു. പിന്നീട് സംസ്‌കൃത സർവകലാശാലയിൽ മൂന്നുവർഷം പ്രൊഫസറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയുൾപ്പെടെ നിരവധി കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കന്നിപ്പൂക്കൾ, ഗ്രീഷ്മം, ഇനിയും ബാക്കിയുണ്ട് ദിനങ്ങൾ, പുനർജനി, ട്വിൻസ്, കൃഷ്ണകൃപാസാഗരം എന്നീ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിൽഹണകവിയുടെ ചൗരപഞ്ചാശിക, ടാഗോറിന്റെ ഉദ്യാനപാലകൻ, ടാഗോർ കവിതകൾ, ഭർതൃഹരിയുടെ ശതകത്രയം,

ആദിശങ്കരന്റെ അമരുകശതകം, കല്യാണമല്ലന്റെ അനംഗരംഗം, വിദ്യാപതിയുടെ പ്രേമഗീതങ്ങൾ,

മീരയുടെ ഭക്തിഗീതങ്ങൾ എന്നിവ പരിഭാഷപ്പെടുത്തി. ഉണ്ണിച്ചിരുതേവീചരിതം

ഉണ്ണിയാടീചരിതം, മേൽപ്പത്തൂരിന്റെ നാരായണീയം, നാരായണീയം ദശകസംഗ്രഹം, വൈശികതന്ത്രം,

കേരളപാണിനീയം എന്നിവയ്ക്ക് പഠനവും വ്യാഖ്യാനവും രചിച്ചു. ദീർഘകാലം തിരുനല്ലൂർ സാഹിത്യവേദിയുടെ പ്രസിഡന്റായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലായി വലിയ ശിഷ്യസമ്പത്തിനുടമയാണ്.

1937 നവംബർ 27-ന് എം.ഐസക്കിന്റെയും കൊച്ചുപെണ്ണിന്റെയും മകനായി നെയ്യാറ്റിൻകരയ്ക്കടുത്ത് ധനുവച്ചപുരത്തായിരുന്നു ജനനം. കാരക്കോണം പി.പി.എം.എച്ച്.എസ്., യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആരോഗ്യവകുപ്പിൽ അസിസ്റ്റൻറ്‌ ഡയറക്ടറായിരുന്ന പരേതയായ ഡോ. കെ.എസ്.അമ്മുക്കുട്ടിയാണ് ഭാര്യ. മക്കൾ: രാജേഷ് സുന്ദരം, രതീഷ് സുന്ദരം. തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരച്ചടങ്ങുകൾ നടത്തി.