കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ വയനാട് വാഴവറ്റ സ്വദേശികളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ഇവരുടെ ഡ്രൈവർ വിനീഷ് എന്നിവരുടെ ജാമ്യഹർജികൾ ഹൈക്കോടതി വിധിപറയാനായി മാറ്റി. പ്രതികളുടെയും സർക്കാരിന്റെയും വാദം പൂർത്തിയായതിനാലാണ് ജസ്റ്റിസ് വി. ഷെർസി ഹർജി വിധിപറയാനായി മാറ്റിയത്.

57 ദിവസമായി ജയിലിലാണെന്നും വനഭൂമിയിൽനിന്നോ നോട്ടിഫൈഡ് ഭൂമിയിൽനിന്നോ ഈട്ടിത്തടി മുറിച്ചിട്ടില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. സെയിൽസ് ടാക്‌സുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി ഉത്തരവ് മറികടന്ന് പോലീസ് നടപടി സ്വീകരിച്ചത് ചോദ്യംചെയ്തതിനാൽ തങ്ങളെ കേസിൽ കുടുക്കിയാണ് ക്രിമിനൽ പശ്ചാത്തലമെന്ന ആരോപണം ഉന്നയിക്കുന്നത്.

ഒരേ സംഭവത്തിൽ വനം, പോലീസ്, റവന്യൂ വകുപ്പുകൾ കേസെടുക്കുകയാണ്. മാധ്യമപ്രചാരണത്തിന്റെ ഭാഗമായി സർക്കാർ തങ്ങളെ വേട്ടയാടുകയാണെന്നും ഹർജിക്കാർ വാദിച്ചു.

വിദ്യാഭ്യാസമില്ലാത്ത ആദിവാസികളെ കബളിപ്പിച്ച് പ്രതികൾ അനുമതിയില്ലാതെ മരംമുറിച്ച് കടത്തുകയായിരുന്നെന്ന് സർക്കാരിനായി ഹാജരായ സീനിയർ ഗവൺമെന്റ് പ്ലീഡർ വാദിച്ചു. വില്ലേജ് ഓഫീസർ അടക്കമുള്ളവരുമായി ഇക്കാര്യത്തിൽ ഒത്തുകളിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ഭീഷണിയുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. പ്രതികൾക്കെതിരേ കർണാടകത്തിലടക്കം കേസുകളുള്ളത് കണക്കിലെടുത്ത് ഈഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും വാദിച്ചു.