പരവൂർ : മോഷണം നടത്താൻ വീടിന്റെ മതിലിൽ അടയാളമിട്ടെന്നാരോപിച്ച് നെടുങ്ങോലത്ത് മത്സ്യവിൽപ്പനക്കാരിക്ക് മർദനം. നെടുങ്ങോലം പോസ്റ്റ്ഓഫീസ് ജങ്ഷനുസമീപത്തെ വീട്ടിൽ മീൻവിൽപ്പനയ്ക്കെത്തിയ മൈസൂരു സ്വദേശിനിയായ സുധ(30)യെയാണ് പ്രദേശവാസി മർദിച്ചത്. സംഭവത്തിൽ നെടുങ്ങോലം സ്വദേശി മണികണ്ഠന്റെപേരിൽ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവതിയുടെ ചിത്രങ്ങൾ പകർത്തുകയും മുംബൈയിൽനിന്നുള്ള കവർച്ചാസംഘത്തിലെ അംഗമെന്നപേരിൽ വാട്‌സാപ്പ്‌ വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മീൻവിൽപ്പനയ്ക്കുശേഷം കൈ വീടിനുസമീപത്തെ ചെടിയിലും ഭിത്തിയിലും തുടച്ച് വൃത്തിയാക്കുമ്പോഴാണ് സുധയെ മർദിച്ചത്. മോഷ്ടിക്കാൻ കൂട്ടാളികൾക്ക് അടയാളം വരച്ചിടുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം. അസഭ്യംപറയുകയും വടികൊണ്ട്‌ അടിച്ചും ചവിട്ടിയും താഴെയിടുകയും ചെയ്തതായി സുധ പറയുന്നു.

പിന്നീട് നെടുങ്ങോലത്ത് മീൻ വിൽക്കുന്നിടത്ത് എത്തിയപ്പോൾ ഇയാൾ പിന്തുടർന്നെത്തി മൊബൈലിൽ ഇവരുടെ ചിത്രങ്ങൾപകർത്തുകയും അസഭ്യംപറയുകയും ചെയ്തതായി പരാതിയുണ്ട്. വാട്‌സാപ്പ് ശബ്ദസന്ദേശത്തിൽ യുവതിയെ മർദിച്ചത് വിവരിക്കുന്നുണ്ട്. ഭയംകാരണം മർദനമേറ്റകാര്യം സുധ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. പിന്നീട് വാട്‌സാപ്പിലൂടെയാണ് അവർ സംഭവമറിഞ്ഞത്. സുധ താലൂക്കാശുപത്രിയിൽ ചികിത്സതേടി. 10 വർഷമായി മാലാക്കായലിൽ കൊട്ടവഞ്ചിയിൽ മീൻപിടിച്ചു വിൽപ്പനനടത്തി ജീവിക്കുന്ന സംഘത്തിലെ അംഗമാണ് സുധ.