കൊല്ലം : സ്വന്തംകാര്യങ്ങൾ നിറവേറ്റാൻ മറ്റൊരാളുടെ അവധിനേരം കാത്തിരുന്നിട്ടുണ്ടോ...? ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പരിധി വയ്ക്കേണ്ടിവന്നിട്ടുണ്ടോ...? ഒപ്പമുള്ളയാൾക്ക് ഒരു ഭാരമാണെന്ന് തോന്നുമ്പോഴും ഒഴിഞ്ഞുമാറാൻപോലുമാകാതെ വന്നിട്ടുണ്ടോ...?

ചോദ്യങ്ങൾ ഇനിയും ഒരുപാടുണ്ട്. ചോദിക്കുന്നത് ഒരാളല്ല, ഒരുപാട് പേരാണ്. ഇരുണ്ട മുറികളിലെ ഒറ്റപ്പെടലുകളും വേദനയും കുടഞ്ഞെറിഞ്ഞ് ജീവിതം തിരികെപ്പിടിക്കാൻ ഒരിടംതേടുകയാണ് മസ്കുലാർ ഡിസ്ട്രോഫി-സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതരുടെ സംഘടനയായ മൈൻഡ്.

ഒറ്റപ്പെടലിന്റെ വേദനയില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കാൻ ഒരു പുനരധിവാസകേന്ദ്രമാണ് ലക്ഷ്യം. ഇതിന്റെ ധനശേഖരണാർഥം മൈൻഡ് ഓഗസ്റ്റിൽ തുടങ്ങിയ കാമ്പെയിൻ ‘വേണം ഒരിടം’ പുരോഗമിക്കുകയാണ്. ഇതിനോടകം പ്രതിപക്ഷനേതാവും മന്ത്രിമാരും വിവിധ എം.എൽ.എ.മാരും എൻ.ജി.ഒ.കളും കോളേജുകളുമൊക്കെ കാന്പെയിന്റെ ഭാഗമായി. സ്വന്തം പ്രശ്നങ്ങൾ പറഞ്ഞ് രോഗബാധിതർ ഓൺലൈനിൽ വഴി ഇതിനായി പ്രചാരണം നടത്തുകയാണ്.

543-ഓളം അംഗങ്ങളാണ് ഇതുവരെ മൈൻഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 40 പേർ മരിച്ചു. രോഗാവസ്ഥയെപ്പറ്റിയുള്ള ബോധവത്കരണം, തുടർവിദ്യാഭ്യാസപദ്ധതി തുടങ്ങിയ ലക്ഷ്യങ്ങളോടെയാരംഭിച്ച മൈൻഡിന്റെ സ്വപ്നപദ്ധതിയാണ് രോഗബാധിതർക്കായി ഒരിടം.

അംഗങ്ങൾക്കിടയിൽ മൈൻഡ് നടത്തിയ സർവേയിൽ 38 ശതമാനം പേർക്ക് പരസഹായമില്ലാതെ ചലിക്കാൻപോലുമാകില്ല. നൂറിനടുത്തുപേർക്കു മാത്രമാണ് ജോലിചെയ്യാനാകുന്നതും തുച്ഛമായ വരുമാനമാർഗമുള്ളതും. പേശികളുടെ ചലനശേഷിയെ കാർന്നുതിന്നുന്ന രോഗം ഒപ്പമുള്ളപ്പോൾ എത്രനാൾ ജോലിചെയ്യാനാകുമെന്നതും ചോദ്യചിഹ്നമാണ്.

2011-ലെ സെൻസസ് പ്രകാരം 3,000 രോഗബാധിതർ ഈ വിഭാഗത്തിൽ കേരളത്തിൽ മാത്രമുണ്ടെന്ന് മൈൻഡ് ഭാരവാഹികൾ പറയുന്നു. എന്നാൽ പിന്നീട് സർക്കാരോ ആരോഗ്യവകുപ്പോ ഇവരുടെ കാര്യത്തിൽ ഒരു താത്പര്യവും കാട്ടിയിട്ടില്ല. രോഗം തിരിച്ചറിയാൻപോലുമാകാതെ നിസ്സഹായരായി കിടക്കയിലേക്കും വീൽച്ചെയറിലേക്കുമെല്ലാം ഉൾവലിഞ്ഞ് നിൽക്കുന്നവരെ കണ്ടെത്തി അവബോധം നൽകി കൂടെക്കൂട്ടാനും മൈൻഡ് ലക്ഷ്യമിടുന്നു.

മാനസികാരോഗ്യത്തിന് കൗൺസലിങ്, നൈപുണിവികസനം, വിദ്യാഭ്യാസം, കലാപരിശീലനം, രോഗ ഗവേഷണം, ശരീരത്തിന്റെ ചലനാത്മകത പിടിച്ചുനിർത്താൻ ഫിസിയോ തെറാപ്പി ഇങ്ങനെ സ്വപ്നങ്ങൾ ഒരുപാടുണ്ട് മൈൻഡിന് ഒരിടത്തെപ്പറ്റി. ഇതിന് വലിയ ചെലവ് വേണ്ടിവരും. സഹായഹസ്തങ്ങൾ ഉയരുമെന്നാണ് അവർ പ്രത്യാശിക്കുന്നത്.

അക്കൗണ്ട് നെയിം: Mobility In Dystrophy Trust

എ.സി. നമ്പർ: 611102010008103

ബാങ്ക്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

ബ്രാഞ്ച്: കൊയിലാണ്ടി

ഐ.എഫ്.എസ്.കോഡ് : UBIN0561118

ഫോൺ: 9539744797.