മയ്യഴി: പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മൂന്നുഘട്ടങ്ങളിലായി ഒക്ടോബർ 21, 25, 28 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ 21-ന് മാഹി, കാരയ്ക്കൽ, യാനം എന്നീ നഗരസഭകളിലും രണ്ടാംഘട്ടം 25-ന് പുതുച്ചേരി, ഉഴവർകരെ നഗരസഭകളിലും മൂന്നാംഘട്ടം 28-ന് കമ്യൂൺ പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് നടക്കും. 30 മുതൽ പത്രിക നൽകാം.

മാഹിയിൽ ഒക്ടോബർ ഏഴുമുതൽ 15 വരെ പത്രികാസമർപ്പണവും 16-ന് സൂക്ഷ്മപരിശോധനയും നടക്കും. 18-നാണ് പത്രിക പിൻവലിക്കാനുള്ള അവസരം. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായും പത്രിക സമർപ്പിക്കാൻ അനുവദിക്കും. ഒക്ടോബർ 31-ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. സംസ്ഥാനത്ത് അഞ്ച് മുനിസിപ്പാലിറ്റികളും (116 കൗൺസിലർമാർ) 10 കമ്യൂൺ പഞ്ചായത്തുകളും (216 അംഗങ്ങൾ) 108 ഗ്രാമപ്പഞ്ചായത്തുകളും (812 അംഗങ്ങൾ) ആണുള്ളത്. ആകെ 1041 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

പുതുച്ചേരിയിലെ രണ്ട് നഗരസഭകളിലും അഞ്ച് കമ്യൂൺ പഞ്ചായത്തിലുമായി 7,72,753 വോട്ടർമാരാണുള്ളത്. കാരയ്ക്കലിൽ ഒരു നഗരസഭയിലും അഞ്ച് കമ്യൂൺ പഞ്ചായത്തുകളിലുമായി 1,61,556 വോട്ടർമാരുണ്ട്. യാനം നഗരസഭയിൽ 37,817-ഉം മാഹി നഗരസഭയിൽ 31,139-ഉം വോട്ടർമാരാണുള്ളത്. സംസ്ഥാനത്തെ ആകെ വോട്ടർമാർ 10,032,65.

2006-ലാണ് ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. 2011-ൽ തദ്ദേശസ്ഥാപന ഭരണസമിതികളുടെ കാലാവധി കഴിഞ്ഞ് 10 വർഷത്തിനുശേഷമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1968-ൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം 38 വർഷം കഴിഞ്ഞാണ് 2006-ൽ തിരഞ്ഞെടുപ്പ് നടന്നത്. ഒട്ടേറെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാഹിയിലെ പൊതുപ്രവർത്തകനും അഭിഭാഷകനുമായ ടി. അശോക് കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീംകോടതിയുടെ വിധിയെ തുടർന്നാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്.