തൃശ്ശൂർ: വിയ്യൂർ ജയിലിലെ ഫോൺവിളികളുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഡിവൈ.എസ്.പി. ബിജു അലക്സാണ്ടറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മൂന്നുപേർകൂടി സംഘത്തിലുണ്ട്.

ബുധനാഴ്‌ചയാണ് ക്രൈം ബ്രാഞ്ച് തൃശ്ശൂർ ഓഫീസിൽ ഇതുസംബന്ധിച്ച ഉത്തരവ് എത്തിയത്. ജയിൽവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയാണ് ഈ അന്വേഷണം.

ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി. എം.കെ. വിനോദ്കുമാർ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ പ്രശ്‌നങ്ങളാണ് കണ്ടെത്തിയിരുന്നത്. ഫോൺവിളിയുൾപ്പെടെയുള്ളവ പരിശോധിക്കാൻ വേണ്ട സാങ്കേതികസംവിധാനങ്ങളില്ലെന്ന് ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഫോൺവിളികളുടെ ഉറവിടം കണ്ടെത്തൽത്തന്നെയാകും അന്വേഷണസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.

കൊടി സുനിക്കുനേരെയുള്ള വധഭീഷണിവിവാദവും ഫ്ളാറ്റ് കൊലക്കേസിലുൾപ്പെട്ട റഷീദുമായി സൂപ്രണ്ടിനുണ്ടെന്നു പറയുന്ന അടുപ്പവുമെല്ലാം അന്വേഷണത്തിൽ വരും. ഔദ്യോഗികമായി കേസ് ഏൽപ്പിക്കുന്നതിനു മുമ്പുതന്നെ ക്രൈം ബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

സുനിയെ ജയിലിൽ സന്ദർശിച്ചവരോട് പോലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ അന്വേഷിച്ചിരുന്നു. സുനിയുടെ സഹതടവുകാരനായ ബിൻഷാദിനോടും വിവരങ്ങൾ ചോദിച്ചിരുന്നു.