നിടുംപൊയിൽ: കണ്ണവം റിസർവ് വനത്തിന്റെ ഭാഗമായ നിടുമ്പൊയിലിലെ 92 ഹെക്ടർ വനം വകുപ്പ് തോട്ടങ്ങളിലെ മരംമുറി വനം വകുപ്പ് ഉപേക്ഷിക്കുന്നു. നിടുമ്പൊയിൽ-പേരാവൂർ റോഡരികിൽ കാണുന്നതടക്കമുള്ള തോട്ടമാണ് സ്വാഭാവിക വനമായി വളരാൻ അനുവദിക്കുക. 1959-ൽ 30 ഹെക്ടറിലും 1961-ൽ 62 ഹെക്ടറിലുമായി നട്ട തേക്കുകളും മറ്റ്‌ മരങ്ങളുമാണ് ഈവർഷം മുറിക്കേണ്ടിയിരുന്നത്. നട്ടവയ്ക്കൊപ്പം തോട്ടങ്ങളിൽ സ്വാഭാവികമായി വളർന്ന മരങ്ങളും ഏറെയുള്ളതിനാലാണ് മരംമുറി വനം വകുപ്പ് ഒഴിവാക്കുന്നത്.

സൂക്ഷ്മജീവികളെയും ആവാസ വ്യവസ്ഥകളെയും ഇല്ലാതാക്കുമെന്നതും നേരത്തെ കണ്ണവം മേഖലയിലെ തേക്കിൻതോട്ടം മുറിച്ചപ്പോഴുണ്ടായ എതിർപ്പുകളും ഈ തീരുമാനത്തിന് പ്രേരണയായി. വനം വകുപ്പ് കണ്ണൂർ സർക്കിൾ സി.സി.എഫ്. വിനോദ്കുമാർ തോട്ടംമേഖലയിൽ സന്ദർശനം നടത്തിയിരുന്നു. തോട്ടങ്ങളിലെ മരംമുറിയെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിശ്ചയിച്ചു. മുറിക്കുന്നതിന് മുൻപായി നടത്തുന്ന കണക്കെടുപ്പ് 30 ഹെക്ടർ തോട്ടത്തിൽ പൂർത്തിയാക്കിയിരുന്നു. 8302 മരങ്ങളാണ് ആകെയുള്ളത്. ഇതിൽ 1816 എണ്ണമാണ് തേക്ക്. ബാക്കി ഈടുനിൽക്കുന്ന മരങ്ങളും (ഹാർഡ് വുഡ്) മൃദു മരങ്ങളുമായി (സോഫ്റ്റ് വുഡ്) 6486 എണ്ണമുണ്ട്.

62 ഹെക്ടർ തോട്ടത്തിലെ മരങ്ങളുടെ കണക്കെടുത്തിട്ടില്ല. ഇരു തോട്ടങ്ങളിലുമായി 25 ശതമാനത്തോളമാണ് തേക്കുള്ളത്. ഇരൂൾ, ചടച്ചി, മട്ടി, ഇലവ് തുടങ്ങിയ മരങ്ങളുമുണ്ട്. അറുപതുവർഷം പിന്നിട്ട സാമ്പത്തികമൂല്യമുള്ള മരങ്ങൾ മുറിച്ച്‌ വീണ്ടും നടുന്നത്‌ ബ്രിട്ടീഷുകാരുടെ കാലത്ത്‌ തുടങ്ങിയതാണ്‌. 8398.324 ഹെക്ടറുള്ള കണ്ണവം വനത്തിൽ 3499.099 ഹെക്ടറും തോട്ടമാണ്‌. ചുരുക്കം വർഷങ്ങളിലൊഴികെ 1858 മുതൽ 2015 വരെ വനത്തിന്റെ വിവിധ മേഖലകളിൽ തോട്ടമുണ്ടാക്കിയിട്ടുണ്ട്‌. ഇനിയുള്ള മിക്കവാറും വർഷങ്ങളിൽ 60 വർഷം പൂർത്തിയാകുന്ന തോട്ടങ്ങൾ മുറിക്കാൻ സാധ്യത നിലനിൽക്കെ, 92 ഹെക്ടർ ഭാഗം സ്വഭാവിക വനമായി വളരാൻ വിടുന്നത് പരിസ്ഥിതി പ്രവർത്തകരുൾപ്പെടെ പ്രതീക്ഷയോടെയാണ് കാണുന്നത്.

മരംമുറി ഒഴിവാക്കി സ്വാഭാവിക വനമാക്കും

നിടുമ്പൊയിലിലെ 100 ഹെക്ടറിനടുത്തുവരുന്ന തോട്ടങ്ങളിൽ സ്വാഭാവിക മരങ്ങൾ ഏറെ വളർന്ന് വനത്തിന്‌ സമാനമായി മാറി. ഈ തോട്ടങ്ങളിലെ മരംമുറി ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്വാഭാവിക വനം വളരാൻ അനുവദിക്കും. വരുന്ന വർക്കിങ് പ്ലാനിൽ ഈ തോട്ടങ്ങളെ ഉൾപ്പെടുത്തില്ല.

-പി.കാർത്തിക്, കണ്ണൂർ ഡി.എഫ്.ഒ.