:1995-ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ വെബ്‌സൈറ്റ് rediff.com ബെംഗളൂരുവിലെ 600 ചതുരശ്ര അടി ഓഫീസിൽ തുടങ്ങിയത് അജിത് ബാലകൃഷ്ണൻ എന്ന കണ്ണൂർക്കാരനാണെന്ന് ചുരുക്കം പേർക്കേ അറിയൂ. ‘ദ വേവ് റൈഡർ’ എന്നപേരിൽ അദ്ദേഹം എഴുതിയ പുസ്തകം ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും സാങ്കേതികവിപ്ലവങ്ങളുടെ ചരിത്രമാണെന്ന് നിരൂപകർ. 2019-ലെ ദേശീയ വിദ്യാഭ്യാസ കമ്മിഷന്റെ തൊഴിൽ കമ്മിറ്റിയുടെ അധ്യക്ഷൻ അദ്ദേഹമായിരുന്നു.

പത്തോ നൂറോ കുട്ടികൾക്ക് ചെറിയ കെട്ടിടത്തിൽ ട്യൂഷൻ കൊടുക്കുന്ന അധ്യാപകൻ ചെയ്യുന്ന അതേ പണിയാണ് അഴീക്കോട്ടുകാരൻ ബൈജു രവീന്ദ്രൻ ചെയ്തതെന്ന് പറയാറുണ്ട്. ബൈജുവിന്റെ ട്യൂഷൻ വെർച്വൽ ലോകത്തായിരുന്നു. അതിനാൽ സ്ഥലപരിമിതിയുണ്ടായില്ല. ബൈജൂസ് ആപ്പ് 1600 കോടി അമേരിക്കൻ ഡോളർ (1.2 ലക്ഷം കോടി രൂപ) മൂല്യമുള്ള കമ്പനിയായി വളർന്നു. ഇവരെപ്പോലെ ശ്രദ്ധിക്കപ്പെടുന്ന നിരവധി ഉത്തരമലബാറുകാർ ആഗോളതലത്തിലുണ്ടായിട്ടും ഇവിടെ ഐ.ടി. വ്യവസായമോ ഐ.ടി. ഉപയോഗപ്പെടുത്താവുന്ന മറ്റു മേഖലകളോ വളർന്നില്ല.

ഇന്ത്യൻ കോഫി ഹൗസ് പതിവുരീതിയിൽ ഭക്ഷണവും കാപ്പിപ്പൊടിയും വിറ്റതുകൊണ്ട് അവർ അതിനപ്പുറം പോയില്ല. വെർച്വൽ ലോകത്തെ ആശ്രയിച്ച് കാപ്പിവിറ്റ ‘സ്റ്റാർ ബക്സ്’ കമ്പനി ആഗോളമായി. ഈ മാതൃകയിൽ കപ്പയും മാങ്ങയും ചക്കയും ആഗോള വിപണിയിലെത്തിക്കാനുള്ള ഐ.ടി. പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ഇവിടത്തെ ചെറുപ്പക്കാർക്ക് കഴിയും. വിലയിടിവിൽ നടുവൊടിയുന്ന കർഷകരുടെ വേദന മാറും. ഇവിടത്തെ തുണിത്തരങ്ങളുടെ വില്പന ഐ.ടി. പ്ലാറ്റ്ഫോമിലേക്ക് മാറ്റാൻ ആരെങ്കിലും തടസ്സം നിൽക്കുമോ? കാസർകോട് സാരിക്ക് ഐ.ടി.യിലൂടെ ആഗോളവിപണി കണ്ടെത്താനാകില്ലേ? സമസ്തമേഖലയുടെയും ഐ.ടി.വത്‌കരണം ഒരു സാധ്യത തന്നെയാണ്. 2001-ൽ കെ.ആർ.ജ്യോതിലാൽ കളക്ടറായിരിക്കെ കളക്ടറേറ്റിൽ ഐ.ടി. സെൽ തുടങ്ങിയ ജില്ലയാണ് കണ്ണൂരെന്ന് ഓർക്കണം.

മറ്റു ചിലത്

* ഇപ്പോൾ മൈസോണും തളാപ്പിലെ ഐ.ടി. കമ്പനി വി ട്രാക്കും ദിനേശ് ടെക്നോളജിയും കണ്ണൂരിലെ ജാവേദ് എന്ന ഇരുപത്തഞ്ചുകാരന്റെ ടി.എൻ.എമ്മും മറ്റും ചെയ്യുന്നതാണ് മറ്റൊരു സാധ്യത. വൻകിട കമ്പനികളുടെ ജോലികൾ ഇവിടെനിന്ന് ചെയ്തുകൊടുക്കുക. ഈ ജോലികൾ എങ്ങനെ ഇവിടേക്ക് കൊണ്ടുവരും എന്ന പ്രശ്നമുയരാം. അവിടെയാണ് ആഗോള ഐ.ടി. കമ്പനികളിൽ ജോലിചെയ്യുന്ന ഈ നാട്ടുകാരെ ഉപയോഗപ്പെടുത്തേണ്ടത്. നാൽപ്പതും അൻപതും പിന്നിട്ട പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. അവർക്ക് സൗകര്യം ചെയ്തുകൊടുക്കണം. അതിനുവേണ്ടി കോടികൾ ചെലവിട്ട് വൻ കെട്ടിടങ്ങൾ പണിയരുത്. അവരുടെ വീട്ടിനടുത്ത് നിലവിൽ ഉപയോഗമില്ലാതെ കിടക്കുന്ന ചെറിയ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തണം. അതില്ലെങ്കിലേ പുതിയത്‌ പണിയുന്നതിലേക്ക് തിരിയാവൂ.

* മക്കളുടെ വിദ്യാഭ്യാസം, വൻകിട നഗരങ്ങളിലെ പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയവ കാരണം വിട്ടുപോരാൻ താത്‌പര്യമില്ലാത്ത നമ്മുടെ നാട്ടുകാർ ലോകത്തെങ്ങുമുള്ള ഐ.ടി. പാർക്കുകളിൽ ധാരാളമുണ്ട് -നാട്ടുകാർക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാനാഗ്രഹിക്കുന്നവർ. അവർ മുഖേനയും വൻകിട കമ്പനികളുടെ ജോലികൾ വാങ്ങിയെടുക്കാം.

* കോവിഡ് കാലത്ത് വീട്ടിലിരുന്നുള്ള ജോലി വ്യാപകമായപ്പോൾ ജീവനക്കാരുടെ ഉത്‌പാദനക്ഷമത കുറഞ്ഞെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. ഓഫീസിൽ സൊറ പറഞ്ഞിരിക്കുമ്പോഴും ഒന്നിച്ച് ചായ കുടിക്കുമ്പോഴം പരദൂഷണം മാത്രമല്ല, മികച്ച ആശയങ്ങളും ഉരുത്തിരിയുന്നുണ്ട്. ഓൺലൈൻ യോഗങ്ങൾ അതിനു പകരമാകുന്നില്ല. ഒരേ നാട്ടുകാരായ നാലോ അഞ്ചോ പേർക്ക് അതത് പ്രദേശങ്ങളിൽ ഒന്നിച്ചിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം പല കമ്പനികളും കോവിഡ് കാലത്ത് ഒരുക്കിക്കൊടുത്തിരുന്നു. പയ്യാമ്പലത്തെ പല ഹോം സ്റ്റേകളും ഇതിനായി ഉപയോഗിച്ചു. ഇതിനെ സ്ഥിരം സ്വഭാവത്തിലേക്ക് കൊണ്ടുവന്നാൽ ഇവിടെ ജോലിയായി. തദ്ദേശ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടും. 63,000 പേർ ജോലിചെയ്യുന്ന ടെക്നോപാർക്കിൽനിന്ന് തിരുവനന്തപുരം കോർപ്പറേഷന് തൊഴിൽ നികുതിയായി വർഷം 15 കോടിയേളം രൂപ കിട്ടുന്നുണ്ടെന്നോർക്കുക.

* കണ്ണൂർ, കാസർകോട് ജില്ലകളിലായി രണ്ടായിരത്തോളം സഹകരണ സ്ഥാപനങ്ങളുണ്ട്. വീട്ടുപകരണ വില്പനയിലേക്ക് മാത്രമല്ല, ഐ.ടി. സംരംഭങ്ങളിലേക്കും അവരെ തിരിച്ചുവിടാം. സംസ്ഥാന ഭരണനേതൃത്വത്തിലേക്ക് പുതുതലമുറയെ കൊണ്ടുവരുന്നത് നയമായി സ്വീകരിച്ചവർ സഹകരണരംഗത്തും അത് പരീക്ഷിച്ചാൽ ഐ.ടി. അടക്കമുള്ള പുതിയ മേഖലകളിൽ പുതുപരീക്ഷണങ്ങൾ വന്നേക്കാം.

5963 ഉന്നത ബിരുദധാരികളടക്കം 91,834 പേരാണ് തൊഴിൽ തേടി കണ്ണൂർ, കാസർകോട് ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. ഇവർക്കുവേണ്ടി എന്തുചെയ്യാൻ കഴിയുമെന്ന് ഐ.ടി. മേഖല ചിന്തിക്കേണ്ടിയിരിക്കുന്നു.

(തുടരും)