കൊച്ചി: കെട്ടിടം നിർമിക്കുന്നതിനായി ഭൂമി പ്ലോട്ടുകളായി തിരിക്കേണ്ടതില്ലെങ്കിൽ മണ്ണ് കൊണ്ടുപോകാൻ കടത്ത്‌പാസിന് തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ലാൻഡ്‌ ഡെവലപ്‌മെന്റ് പെർമിറ്റ് ആവശ്യമില്ലെന്ന് ഹൈക്കോടതി. ജിയോളജിവകുപ്പിൽ നൽകുന്ന അപേക്ഷയോടൊപ്പം തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള കെട്ടിട നിർമാണ പെർമിറ്റും വില്ലേജ് ഓഫീസിൽനിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റും തദ്ദേശസ്ഥാപനം അംഗീകരിച്ച കെട്ടിട പ്ലാനും ഹാജരാക്കിയാൽ മതി. എത്ര മണ്ണ് നീക്കുമെന്ന വിവരം ബിൽഡിങ് പെർമിറ്റിൽ ഉണ്ടാകണം. കോട്ടയം മീനടം സ്വദേശി ഫിലിപ്പ് തോമസിന്റെ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.

ഒന്നരമീറ്ററിലധികം ആഴത്തിൽ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ടെങ്കിൽ കേരള പഞ്ചായത്ത് ബിൽഡിങ് റൂൾസ് പ്രകാരമുള്ള അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.

മീനടം ഗ്രാമപ്പഞ്ചായത്ത് ലാൻഡ് ഡെവലപ്‌മെന്റ് പെർമിറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.