തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയുണ്ടാക്കിയ ഭിന്നിപ്പിൽ സർവകക്ഷിയോഗം വിളിക്കുന്നത് നല്ലതാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ഏതുഘട്ടത്തിലും സർവകക്ഷിയോഗം ചേരുന്നതും ചർച്ചനടത്തുന്നതും നല്ലതാണ്. പക്ഷേ, അതിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. മുഖംതിരിഞ്ഞുനിൽക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിന്റെ നിലപാടിനോട് യോജിപ്പില്ല. മന്ത്രി വി.എൻ. വാസവൻ ബിഷപ്പിനെ കണ്ടത് കോട്ടയം ജില്ലയിലെ നേതാവെന്നനിലയിലാണ്. സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനൊപ്പമാണ് ഡി.വൈ.എഫ്.ഐ. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കരുണാകരൻ സ്മാരക ട്രസ്റ്റിന്റെപേരിൽ പിരിച്ചെടുത്ത 16 കോടിരൂപ തട്ടിയെടുത്തുവെന്ന കെ.പി. അനിൽകുമാറിന്റെ ആരോപണം ഗുരുതരമാണ്. കോൺഗ്രസിലെ കരുണാകരനെ സ്നേഹിക്കുന്നവർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം.

ഒക്ടോബർ ഒമ്പതിന് ചെഗുവേര രക്തസാക്ഷിദിനം ഡി.വൈ.എഫ്.ഐ. അംഗത്വദിനമായി ആചരിക്കും. ‘പുതിയ കേരളം പുരോഗമന യുവത്വം’ എന്നതാണ് മുദ്രാവാക്യം. തമ്മിലടിച്ചുതകരുന്ന കോൺഗ്രസിൽനിന്ന് ജനാധിപത്യവിശ്വാസികളായ യുവതീയുവാക്കൾ പുറത്തുവരും. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് സമരവും പ്രചാരണപരിപാടികളും നടത്താൻ തീരുമാനിച്ചതായും റഹീം പറഞ്ഞു.

ഇന്ത്യൻ റെയിൽവേ സ്വകാര്യവത്‌കരിക്കുന്നതിനെതിരേ 29-ന് ജില്ലകളിലെ റെയിൽവേ ആസ്ഥാനങ്ങളിൽ യുവജനധർണ നടത്തും. ഐ.എസ്.ആർ.ഒ.യിൽ നിയമനനിരോധനം പ്രഖ്യാപിച്ചതിനെതിരേ ബുധനാഴ്ച തിരുവനന്തപുരത്തെ ഐ.എസ്.ആർ.ഒ. ഓഫീസിനുമുമ്പിൽ ധർണനടത്തും. ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യയെ വിൽക്കരുതെന്ന മുദ്രാവാക്യവുമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ ഗാന്ധിസ്മൃതിജ്വാല സംഘടിപ്പിക്കും. യൂണിറ്റ് കേന്ദങ്ങളിൽ ഗാന്ധിസ്മൃതിപരിപാടികൾ സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.