തിരുവനന്തപുരം: കോവിഡ് നിയന്ത്രണം കഴിഞ്ഞ് തുറക്കാൻ തീരുമാനിച്ചെങ്കിലും ‘ഫിറ്റ്‌നെസ്’ കുരുക്കിലാണ് സംസ്ഥാനത്തെ ഒട്ടേറെ വിദ്യാലയങ്ങൾ. ഷീറ്റിട്ട മേൽക്കൂരകൾ പാടില്ലെന്ന ഹൈക്കോടതി വിധി സമയപരിധി പിന്നിട്ടിട്ടും പാലിക്കാനായിട്ടില്ല. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി ഹയർസെക്കൻഡറി തലംവരെ 15,892 സ്കൂളുകളാണുള്ളത്. ഇതിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 30 ശതമാനത്തിനും ഷീറ്റ് മേഞ്ഞ മേൽക്കൂരകളാണുള്ളത്. അതിനാൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നേടി നവംബർ ഒന്നിന് അധ്യയനം ആരംഭിക്കാൻ ഈ സ്കൂളുകൾക്ക് സാധിക്കുമോയെന്നതിൽ അനിശ്ചിതത്വമുണ്ട്‌.

ആസ്ബസ്‌സ്റ്റോസ്, അലൂമിനിയം, ടിൻഷീറ്റ് എന്നീ മേൽക്കൂരകളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിൽനിന്നും അവ മാറ്റണമെന്ന് രണ്ടുവർഷം മുമ്പാണ് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനുള്ളിൽ ഇത്തരം മേൽക്കൂരകൾ മാറ്റണമെന്നും നിർദേശം നൽകിയിരുന്നു. വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന ഷീറ്റുമേഞ്ഞ മേൽക്കൂരകൾ ഉപയോഗിക്കുന്നതുനിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കിയിരുന്നു. ബന്ധപ്പെട്ട മാനേജ്‌മെന്റുകളും സർക്കാർസ്കൂളുകളിൽ വിദ്യാഭ്യാസവകുപ്പുമായി ചേർന്നുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നടപടിയെടുക്കണമെന്നായിരുന്നു നിർദേശം. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ഇത്തരം മേൽക്കൂര ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് എൻജിനിയർമാരുമാണ് പരിശോധന നടത്തി ഫിറ്റ്‌നെസ് നൽകേണ്ടത്.

കോവിഡ് വ്യാപനവും പുതിയ കെട്ടിടനിയമപ്രകാരമുള്ള വ്യവസ്ഥകളും മേൽക്കൂരകൾ മാറ്റിസ്ഥാപിക്കാൻ തടസ്സമായി. ഇടുക്കി, വയനാട് ജില്ലകളിൽ കൈവശാവകാശരേഖ കിട്ടാനുള്ള സാങ്കേതികബുദ്ധിമുട്ടും പ്രശ്നമായി. ഫിറ്റ്നെസ് സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളിൽ വിദ്യാർഥികൾക്ക് അപകടംസംഭവിച്ചാൽ മാനേജരുടെ പേരിൽ കൊലക്കുറ്റത്തിനുവരെ കേസെടുക്കാമെന്നാണ് വ്യവസ്ഥ. ഈ സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ട് കോടതിയെ ബോധ്യപ്പെടുത്തി സമയം നീട്ടിനൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് സ്കൂളധികൃതരുടെ ആവശ്യം.

അധ്യയനം അവതാളത്തിലാകും

സ്കൂൾക്കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച സാങ്കേതികതടസ്സം നീക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം നല്ലൊരു ശതമാനം സ്കൂളുകളിലെയും അധ്യയനം അവതാളത്തിലാകും.-മണി കൊല്ലം, ജനറൽ സെക്രട്ടറി, പ്രൈവറ്റ്(എയ്ഡഡ്)സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ