തിരുവനന്തപുരം: മലയാള സിനിമയ്ക്കൊപ്പംനടന്ന നടൻ മധുവിന് വ്യാഴാഴ്ച 88-ാം പിറന്നാൾ. 1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് ജനനം. കന്നിയിലെ വിശാഖമാണ് ജന്മനക്ഷത്രം. ആ ദിവസം വീട്ടിൽ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സദ്യയും ക്ഷേത്രങ്ങളിൽ വഴിപാടും നടത്താറുണ്ടെന്ന് മകൾ ഉമ പറഞ്ഞു. പിറന്നാൾ ആഘോഷിക്കുന്നതിൽ അദ്ദേഹം താത്പര്യം കാട്ടാറില്ലെന്നും പറഞ്ഞു.

ആർ. മാധവൻനായരാണ് സിനിമയിലെത്തിയപ്പോൾ മധുവായത്. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടി. നാഗർകോവിൽ ഹിന്ദു കോളേജിലെ ലക്ചറർ ഉദ്യോഗം മതിയാക്കി ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കാൻപോയി. 1959-ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ കടന്നു. തുടർന്ന് അഞ്ഞൂറിലേറെ കഥാപാത്രങ്ങൾ. നടനുപുറമേ നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി അദ്ദേഹം തിളങ്ങി.

ഭാര്യ ജയലക്ഷ്മി 2014 ജനുവരി 11-ന് മരിച്ചു. കോവിഡ് കാലം തുടങ്ങിയശേഷം അദ്ദേഹം കണ്ണമ്മൂലയിലെ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതും ഒഴിവാക്കി.