മഞ്ചേശ്വരം: നർക്കോട്ടിക് ജിഹാദ് വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പ് അത് ശരിയാണോ എന്നതിൽ ആത്മപരിശോധന നടത്തണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ഇക്കാര്യത്തിൽ മനുഷ്യനെ വിഭജിക്കാനുള്ള നടപടികൾ പാടില്ലെന്നു പ്രസംഗിച്ച മാർപാപ്പയെ ബിഷപ്പ് മാതൃകയാക്കണം. കേരളം വീണ്ടുമൊരു ഭ്രാന്താലയമാക്കരുത്. ചെറിയ വിഷയങ്ങളിൽ ജാതി-മത വിഭാഗീയതകൾ കൊണ്ടുവന്ന് മനുഷ്യനെ വിഭജിക്കരുത്. അതിൽ മതമേലധ്യക്ഷന്മാരും രാഷ്ട്രീയനേതാക്കളും ജാഗ്രതപുലർത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിനു പ്രസക്തിയില്ലെന്നുള്ള നിലപാട് അദ്ദേഹം ആവർത്തിച്ചു.

ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ മുന്നണിയുടെ പ്രവർത്തനം. മുന്നണിക്കുള്ളിൽ ഓരോ പാർട്ടിക്കും അവരുടേതായ അഭിപ്രായം പറയുന്നതിലും പരസ്പരം വിമർശിക്കുന്നതിലും തെറ്റില്ല. ചില വിഷയങ്ങളിൽ കേരള കോൺഗ്രസിന് അവരുടേതായ അഭിപ്രായം പ്രകടിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.