നീലേശ്വരം: യോഗാചാര്യൻ എം.കെ.രാമൻ മാസ്റ്റർ (99) അന്തരിച്ചു. നീലേശ്വരത്തെ കാവിൽഭവൻ യോഗചികിത്സാകേന്ദ്രം സ്ഥാപകനും മുൻ അധ്യാപകനുമാണ്. ഹിമാലയസാനുക്കളിലും ഋഷികേശിലുമുള്ള ആശ്രമങ്ങളിൽചെന്നാണ് യോഗയിലും പ്രകൃതിചികിത്സയിലും അവഗാഹം നേടിയത്. ഋഷികേശിലെ ശിവാനന്ദസരസ്വതിയുടെ കീഴിൽ ദീർഘകാലം പരിശീലിച്ച രാമൻ മാസ്റ്റർ കൊല്ലൂർ മഠത്തിൽ താമസിച്ച് ശങ്കരാനന്ദ സ്വാമിജിയുടെ ശിക്ഷണത്തിൽ നാച്ചുറോപ്പതിയും പഠിച്ചു.

1975-ലും 94-ലും കേന്ദ്രസർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ സമ്മേളനത്തിൽ പ്രമേഹം, രക്തസമ്മർദം എന്നിവയുടെ ചികിത്സ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ചിരുന്നു. യോഗമാർഗം, ജ്ഞാനമാർഗം എന്നീ രണ്ട്‌ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവിവാഹിതനാണ്.

സഹോദരങ്ങൾ: പരേതരായ കണ്ണൻ, ശങ്കരൻ, പാർവതി. സംസ്കാരം നീലേശ്വരം മന്ദംപുറത്ത് കാവിനു സമീപത്തെ കുടുംബശ്മശാനത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന്.