കൊട്ടാരക്കര : പുലമണിൽ ആശുപത്രിക്കുമുന്നിൽ കഴിഞ്ഞദിവസം രണ്ടുസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുത്തേറ്റ ഒരാൾ മരിച്ചു. കുന്നിക്കോട് ആവണീശ്വരം രാഖിനിവാസിൽ രാഹുൽ (29) ആണ് മരിച്ചത്. കഴുത്തിനുകുത്തേറ്റ രാഹുൽ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആവണീശ്വരം ചക്കുപാറ പ്ലാക്കീഴിൽ ചരുവിളപുത്തൻവീട്ടിൽ വിഷ്ണു (26), സഹോദരൻ വിനീത് (ശിവൻ-25) എന്നിവരുടെ നില ഗുരുതരമാണ്.

ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് രണ്ടുസംഘങ്ങൾ ബുധനാഴ്ച രാത്രി പുലമണിൽ സ്വകാര്യ ആശുപത്രിക്കുമുന്നിൽ ഏറ്റുമുട്ടിയത്. അക്രമിസംഘം ആശുപത്രിക്കുള്ളിൽ കടന്ന്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വ്യാജ ആംബുലൻസിന്റെ വിവരങ്ങൾ പോലീസിനു കൈമാറുമെന്ന സംശയത്തെച്ചൊല്ലി ഏറ്റുമുട്ടിയെന്നാണ് പോലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തു. രാഹുലിനെ കുത്തിക്കൊലപ്പെടുത്തുകയും വിഷ്ണു, വിനീത് എന്നിവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ നാലുപേർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. കരിക്കോട് സ്വദേശി അഖിൽ, മൈലം പള്ളിക്കൽ സ്വദേശി എസ്.വിജയകുമാർ, പുലമൺ സ്വദേശി ലിജിൻ, കുറുമ്പാലൂർ സ്വദേശി സജയകുമാർ എന്നിവരാണ് പിടിയിലായത്. ആശുപത്രിയിൽ അക്രമം കാട്ടിയെന്ന കേസിൽ കുന്നിക്കോട് മിച്ചഭൂമിയിൽ രാഹുൽ (21), അച്ചുഭവനിൽ സച്ചു (21) എന്നിവരും അറസ്റ്റിലായിരുന്നു.

കൊലപാതകക്കേസിൽ ഒന്നാംപ്രതിയായ കൊട്ടാരക്കര ഫാത്തിമ മൻസിലിൽ സിദ്ദിഖി(36)ന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സിദ്ദിഖ്. കേസിൽ പ്രധാന പ്രതികളായ നാലുപേരിൽ ചിലർ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി ജൂവലറിയിൽനിന്ന്‌ സ്വർണം കവർന്ന കേസിലെ പ്രതികളും കത്തിക്കുത്ത്‌ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

രാഹുലിന്റെ അച്ഛൻ: മുരളീധരൻ പിള്ള. അമ്മ: ശ്രീദേവിയമ്മ. സഹോദരി: രാഖി.