കാഞ്ഞങ്ങാട്: വ്യക്തിവിരോധം തീർക്കാൻ മോഷണക്കുറ്റമാരോപിച്ച് മകനെ കള്ളക്കേസിൽ കുടുക്കിയെന്ന് അമ്മ. കഴിഞ്ഞദിവസം ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്‌ ചെയ്ത രാവണേശ്വരം സ്വദേശി സുച്ചിൻ സുകുമാരന്റെ അമ്മ ചിന്താമണിയാണ് പോലീസിനും സി.പി.എം. പ്രാദേശികനേതാവിനുമെതിരേ ആരോപണവുമായി രംഗത്തെത്തിയത്‌. സഹോദരന്മാർക്കും മകൾക്കുമൊപ്പം പത്രസമ്മേളനത്തിനെത്തിയ അവർ മാധ്യമപ്രവർത്തകർക്കു മുന്നിൽ പൊട്ടിക്കരഞ്ഞു.

’ഞങ്ങളും സി.പി.എം. കുടുംബമാണ്. എന്നിട്ടും എന്റെ മകനെ അവർ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിച്ചു. മർച്ചന്റ് നേവിയിൽ നല്ല ശന്പളത്തോടെ ജോലിചെയ്യുന്ന മകനെ മോഷ്ടാവാക്കി. അവനെ അറിയുന്ന ആരും അത്‌ വിശ്വസിക്കില്ല. പാർട്ടിക്കുവേണ്ടി ഞങ്ങളും കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും നേതാക്കളെ വിളിച്ചപ്പോൾ ആരുടെ ഭാഗത്തുനിന്നും സഹായം ഉണ്ടായില്ല’ -ചിന്താമണി പറഞ്ഞു.

തന്റെ സഹോദരനെതിരേ നേരത്തെ ഭീഷണിയുണ്ടായിരുന്നുവെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സുച്ചിന്റെ സഹോദരി സുമയ പറഞ്ഞു. ബുധനാഴ്ചയാണ് സുച്ചിനെയും സുഹൃത്ത് റിസ്‌വാനെയും ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. രാവണേശ്വരത്തെ വ്യാപാരി പി. കുഞ്ഞിരാമനെ ആക്രമിച്ച് കീശയിലുണ്ടായിരുന്ന 3000 രൂപ മോഷ്ടിച്ച്‌ കടന്നുകളഞ്ഞു എന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 392 വകുപ്പനുസരിച്ച് മോഷണക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇരുവരും ജില്ലാ ജയിലിൽ റിമാൻഡിലാണ്.

കാറിലെത്തിയ സുച്ചിനും സുഹൃത്തുക്കളും നടുറോഡിൽ നിന്ന കുഞ്ഞിരാമനോട് അരികിലേക്ക് മാറിനിൽക്കാൻ പറയുകയും ഇതു സംബന്ധിച്ച് വാക്‌തർക്കം നടക്കുകയും മാത്രമാണുണ്ടായതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത നാട്ടുകാരായ എസ്. ദിവാകരൻ, ബി.വി. രഘു എന്നിവർ പറഞ്ഞു.

അതേസമയം താൻ നൽകിയ പരാതിയിൽ യാതൊരു കൃത്രിമവുമില്ലെന്ന് കുഞ്ഞിരാമൻ പറഞ്ഞു. വിഷയം പാർട്ടിയുടെ ശ്രദ്ധയിൽ വന്നിട്ടില്ലെന്ന് സി.പി.എം. പ്രാദേശികനേതൃത്വം പ്രതികരിച്ചു.

അറസ്റ്റ് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ-പോലീസ്

കുഞ്ഞിരാമന്റെ പരാതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെയും രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഹൊസ്ദുർഗ് എസ്.ഐ. കെ.പി. സതീഷ് പറഞ്ഞു. കേസിന്റെ പ്രാഥമികാന്വേഷണമാണ് നടന്നത്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്-എസ്.ഐ. പറഞ്ഞു.