തിരുവനന്തപുരം: നിർമാണക്കമ്പനികൾ സിമന്റിന് അന്യായമായി വിലവർധിപ്പിച്ചത് പിൻവലിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു. ഇത്തരം പകൽക്കൊള്ളയ്ക്കെതിരേ ശക്തമായ നപടികൾ സ്വീകരിക്കും. വേണ്ടിവന്നാൽ മലബാർ സിമന്റ്‌സ് വഴി സിമന്റ് ഇറക്കുമതിചെയ്ത് വിപണിവില പിടിച്ചുനിർത്തുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് വിൽപ്പന കുറഞ്ഞ സാഹചര്യത്തിൽ ലാഭം വർധിപ്പിക്കാനുള്ള ഗൂഢനീക്കമാണ് വിലവർധനയ്ക്ക് പിന്നിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

നേരത്തേ 380 രൂപയാണ് ഒരു ചാക്ക് സിമന്റിന്റെ വിപണിവില. ഉപഭോക്താവ് 490 മുതൽ 500 രൂപവരെയാണ് നൽകേണ്ടിവരുന്നത്. കോവിഡ് നിയന്ത്രണങ്ങൾകാരണം പ്രതിസന്ധി നേരിടുന്ന നിർമാണമേഖലയ്ക്ക് സിമന്റ് വിലവർധന തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു.

വിലനിയന്ത്രണത്തിന് മലബാർ സിമന്റ്‌സിന്റെയും ട്രാവൻകൂർ സിമന്റ്‌സിന്റെയും ഉത്‌പാദനം വർധിപ്പിച്ച് വിപണനസംവിധാനം വിപുലമാക്കും. മൊത്തവിതരണക്കാർ അടിയന്തരമായി സിമന്റ് വിലവർധന പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിലവർധന സംബന്ധിച്ച് സിമന്റ് വ്യാപാരികൾ മുഖ്യമന്ത്രിക്ക്‌ പരാതിനൽകിയിട്ടുണ്ട്.