വളാഞ്ചേരി: ഒമ്പതുവയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നുവെന്ന കേസിൽ അമ്മയും പീഡിപ്പിച്ച കാമുകനും അറസ്റ്റിൽ. ഇരിമ്പിളിയം കൊടുമുടി ചെമ്പ്രന്മാരിൽ സുഭാഷിനെ(30)യാണ് വളാഞ്ചേരി സി.ഐ എം.കെ. ഷാജിയും സംഘവും അറസ്റ്റ്ചെയ്തത്. പോക്സോ പ്രകാരമാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: 2019 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സംഭവം. പാലക്കാട്ടുനിന്ന് വിവാഹംചെയ്തുകൊണ്ടുവന്ന് വലിയകുന്നിൽ ഭർത്താവിനൊപ്പം താമസിക്കുന്ന ഇരുപത്തെട്ടുകാരിയുടെ ഒമ്പതുവയസ്സുള്ള കുട്ടിയെ അവിവാഹിതനായ സുഭാഷ് പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് കുട്ടിയുടെ അമ്മയും സുഭാഷും ഒളിച്ചോടി. അതിനിടെ നാട്ടിലെത്തി മുൻകൂർ ജാമ്യത്തിന് അപേക്ഷനൽകിയെങ്കിലും ഹൈക്കോടതി തള്ളി. വളാഞ്ചേരി മീമ്പാറയിലെ വാടകവീട്ടിൽനിന്നാണ് വ്യാഴാഴ്ച രാവിലെ അറസ്റ്റ്ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ചുപോയതിന് അമ്മയുടെ പേരിലും കെസെടുത്തതായി എസ്.എച്ച്.ഒ എം.കെ. ഷാജി പറഞ്ഞു. എസ്.ഐ മുരളീകൃഷ്ണൻ, പ്രൊബേഷണറി എസ്.ഐ മധു ബാലകൃഷ്ണൻ, എസ്.ഐമാരായ പ്രമോദ്, ജയപ്രകാശ്, ഇക്ബാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സുഭാഷിനെയും കുട്ടിയുടെ അമ്മയെയും തിരൂർ കോടതിയിൽ ഹാജരാക്കി.