കൊച്ചി: പമ്പയിൽ ‌ഞുണങ്ങാറിനു കുറുകെ ഗാബിയോൺ ബോക്സ് സ്ട്രക്ചർ (കമ്പിവലയ്ക്കുള്ളിൽ കല്ലും മണ്ണും നിറച്ചുള്ള പാലം) നിർമിക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനുള്ള ചെലവ് സർക്കാർ വഹിക്കും. സ്വീവേജ് പ്ലാന്റിലേക്ക് രാസവസ്തുക്കൾ ഉൾെപ്പടെയുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിനായാണ് ഞുണങ്ങാറിനു കുറുകെ താത്‌കാലിക പാലം നിർമിക്കുന്നത്. 10 ദിവസത്തിനകം പാലം പൂർത്തിയാക്കാനാകുമെന്നും സർക്കാർ അറിയിച്ചു. 10-12 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിർമാണ പുരോഗതി അറിയിക്കാനായി കേസ് 29-നു വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

ഞുണങ്ങാറിനു കുറുകെയുണ്ടായിരുന്ന തടയണ ശക്തമായ മഴയിൽ തകർന്നതോടെയാണ് അടിയന്തരമായി താത്‌കാലിക സംവിധാനം ഒരുക്കേണ്ടി വന്നത്.