തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ഡോ. എൽ. മുരുഗൻ പറഞ്ഞു. തോപ്പുംപടി ഫിഷറീസ് ഹാർബർ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ഉൾപ്പെടെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി തുറമുഖങ്ങളിൽ തന്നെ ഐസ് പ്ലാന്റുകളും സംസ്കരണ സൗകര്യങ്ങളും ഒരുക്കും. തുറമുഖങ്ങൾ ആധുനികീകരിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉത്പന്നങ്ങൾക്ക് നല്ല വില കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഫിഷറീസ് ഹാർബറിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം കണ്ടു. ഹൈബി ഈഡൻ എം.പി., കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. എം. ബീന തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കൊച്ചിക്ക് 140 കോടിയുടെ പദ്ധതി

തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബറിന്റെ വികസനത്തിനായി 140 കോടി രൂപയുടെ വികസന പദ്ധതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഹാർബർ ആധുനികവത്‌കരണമാണ് ലക്ഷ്യമെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കും. ഊഷ്മാവ് നിയന്ത്രിക്കുന്ന സംവിധാനത്തോടു കൂടിയ ലേല സെന്ററുകൾ, പായ്ക്കിങ് യൂണിറ്റുകൾ, ബോട്ടുകളിൽ നിന്ന് മീൻ ഇറക്കുന്നതിനുള്ള ആധുനിക സംവിധാനം, മീൻ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ, ഇന്ധന വില്പന കേന്ദ്രങ്ങൾ, വല നിർമാണ യൂണിറ്റുകൾ, ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ, കാന്റീനുകൾ തുടങ്ങിയവ പദ്ധതി പ്രകാരം ഒരുക്കും.