ആലപ്പുഴ: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണവിഷയം കൂടുതൽ സങ്കീർണമാകുന്നു. ഇരുപക്ഷത്തിനും പിന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയിലെത്തിയതോടെ ഏകീകരണം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന 28-ന് സാഹചര്യങ്ങൾ കൂടുതൽ കലുഷിതമാകുമെന്ന സ്ഥിതിയാണ്.

ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ മാർപ്പാപ്പയെ കാണാൻ വത്തിക്കാനിലെത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പയെയും സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പെട്രോ പരോളിനെയും കാണാനാണു നീക്കം. അഭിമുഖത്തിന് അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണു ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവർ. മാർ കരിയിൽ ഇപ്പോൾ ക്വാറന്റീനിലാണ്. ഡിസംബർ അഞ്ചിനുശേഷമേ മടങ്ങുന്നുള്ളൂ. എറണാകുളം-അങ്കമാലി അതിരൂപതയിലെ സീനിയർ വൈദികനും ആരാധനാവിഷയങ്ങളിലെ വിദഗ്ധനുമായ ഫാ. ആന്റണി നരികുളവും കഴിഞ്ഞദിവസം വത്തിക്കാനിലെത്തിയിട്ടുണ്ട്.

സിറോ മലബാർ ഉൾപ്പെടെയുള്ള പൗരസ്ത്യ തിരുസഭകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘവും കർദിനാൾ ലിയനാർദോ സാന്ദ്രിയുമാണ്. എന്നാൽ, നേരിട്ടു മാർപ്പാപ്പയെ വിഷയം ധരിപ്പിക്കാനാണു പ്രതിനിധികൾ ശ്രമിക്കുന്നതെന്നാണു സൂചന. പൗരസ്ത്യ തിരുസംഘത്തിൽനിന്ന് ഇതുവരെയുണ്ടായിട്ടുള്ള നടപടികളിൽ എറണാകുളത്തെ വൈദികർ തൃപ്തരല്ല.

പൗരസ്ത്യസഭകളുടെ സിനഡ് എടുക്കുന്ന തീരുമാനങ്ങളെ സാധാരണ വത്തിക്കാൻ അനുകൂലിക്കുകയാണു പതിവ്. അതിനാൽ മാർ മാർപ്പാപ്പ എന്തു നിലപാടെടുക്കുമെന്നതു പ്രധാനമാണ്. നവംബർ 28-നു മുൻപ്‌ എന്തെങ്കിലും തീരുമാനമുണ്ടാകാൻ സാധ്യത കുറവാണ്. ആദ്യഘട്ടത്തിൽ ഏകീകരണം നടപ്പാക്കാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ അടുത്ത ഈസ്റ്റർ വരെ സമയം നൽകിയിട്ടുണ്ട്. ഇതിനുമുൻപ്‌ വത്തിക്കാനിൽനിന്ന് എന്തെങ്കിലും ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവർ.

ഏകീകരണം പൂർണമായി നടപ്പാക്കാൻ അടുത്ത ഈസ്റ്റർവരെ സമയമുള്ളതിനാൽ പുതിയനിർദേശം വരുന്നതുവരെ ഇപ്പോഴുള്ള രീതി തുടരാൻ മാർ കരിയിൽ വികാരി അതിരൂപതയിൽ നിർദേശം നൽകിയിട്ടാണു പോയത്. ഇതനുസരിച്ച് ഫൊറോന വൈദികർ അവർക്കുകീഴിലുള്ള വൈദികർക്ക് കത്തയച്ചിരുന്നു. സിനഡ് തീരുമാനത്തോടു വിയോജിപ്പു പ്രകടിപ്പിച്ച സിനഡ് സെക്രട്ടറി കൂടിയായ മാർ കരിയിലിനെതിരേ നടപടിയാവശ്യപ്പെട്ട് ഔദ്യോഗികപക്ഷത്തുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.