കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ 2019-20 ലെ ഒാണറബിൾ മെൻഷൻ കാർട്ടൂൺ പുരസ്കാരം എറണാകുളം സ്വദേശി അനൂപ് രാധാകൃഷ്ണന്റെ ‘കോവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ്’ എന്ന കാർട്ടൂണിന് നൽകുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജി. രാജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതും അവമതിപ്പുണ്ടാക്കുന്നതുമായ കാർട്ടൂണിന് അവാർഡ് നൽകിയത് പിൻവലിക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ലളിതകലാ അക്കാദമി, കാർട്ടൂർ വരച്ച അനൂപ് രാധാകൃഷ്ണൻ എന്നിവർക്ക് നോട്ടീസിന് നിർദേശിച്ചു. എന്നാൽ, കാർട്ടൂൺ അവാർഡ് പ്രഖ്യാപനത്തിലെ തുടർ നടപടി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചില്ല.

തെലങ്കാന ആസ്ഥാനമായ ഹൈന്ദവീയം ഫൗണ്ടേഷൻ ജോയിന്റ് ചെയർപേഴ്‌സൺ ദീപ്തി കെ. വാസുദേവനാണ് ഹർജി നൽകിയത്.

കാർട്ടൂണിൽ ഓറഞ്ച് ഷാൾ അണിഞ്ഞ പശു ഇന്ത്യൻ മെഡിക്കൽ സംഘത്തെ നയിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതും അവമതിപ്പുണ്ടാക്കുന്നതുമാണെന്നാണ് ആരോപണം.

രാജ്യവിരുദ്ധമായ ആവിഷ്കാരങ്ങളെ അവാർഡ് നൽകി പ്രോത്സാഹിപ്പിക്കുകയാണ് അക്കാദമി. മുൻപ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിമർശിച്ച കാർട്ടൂണിന് അവാർഡ് നൽകിയത് പിൻവലിക്കാൻ അക്കാദമി നിർദേശം നൽകിയിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

അക്കാദമിയുടെ നിലവിലെ ഭരണസമിതിയെ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹർജിയിലുണ്ട്.